| Tuesday, 21st November 2017, 4:28 am

കൊച്ചിയില്‍ 15 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; കേരളത്തിലെ വലിയ മയക്കുമരുന്ന് വേട്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 കോടി വില മതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. പരഗ്വേ സ്വദേശി അലക്‌സിസ് റിഗാലഡോ ഫര്‍ണാണ്ടസ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് പിടികൂടി. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് നെടുമ്പാശ്ശേരിയില്‍ നടന്നത്.

പിടിയിലായ റിഗാലഡോ ഫര്‍ണാണ്ടസ് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ മുഖ്യകണ്ണിയാണെന്ന് സൂചന. ഇയാളെ ദ്വിഭാഷിയുടെ സഹായത്തോടെ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ ആദ്യമായാണ് ഇന്ത്യയില്‍ വരുന്നതെന്ന് പാസ്‌പോര്‍ട്ട് പരിശോധനയില്‍ തെളിഞ്ഞത്.


Also Read: ‘ചെങ്കടലായി ദല്‍ഹി’; കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് ആയിരങ്ങള്‍ അണിനിരന്ന കര്‍ഷകറാലി


ഞായറാഴ്ച രാത്രി ഇന്‍ഡിഗോ 6 ഇ 412 വിമാനത്തില്‍ ഗോവയ്ക്ക് പോകാനെത്തിയപ്പോഴാണ് യുവാവ് സി.ഐ.എസ്.എഫിന്റെ പിടിയിലായത്. ബ്രസീലില്‍ നിന്ന് കൊക്കൈയിന്‍ എത്തിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. ബ്രസീലില്‍ നിന്ന് ദുബായ് വഴി രാവിലെയാണ് യുവാവ് കൊച്ചിയിലെത്തിയത്. കൊക്കൈന്‍ ഇയാളുടെ ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു.

3.654 കിലോ കൊക്കെയ്‌നുമായാണ് ഇയാള്‍ പിടിയിലായത്. മൂന്ന് പാക്കറ്റുകള്‍ വയര്‍ കുറക്കുന്നതിന് ഉപയോഗിക്കുന്ന ബെല്‍റ്റിനടിയില്‍ ശരീരത്തിന്റെ നടുഭാഗത്തും രണ്ടെണ്ണം കാലിലുമാണ് ഒളിപ്പിച്ചിരുന്നത്. കൊച്ചിയില്‍ വിമാനം ഇറങ്ങുമ്പോള്‍ ദേഹപരിശോധന ഇല്ലാത്തതിനാല്‍ കസ്റ്റംസിനും എമിഗ്രേഷനും സി.ഐ.എസ്.എഫിനും മയക്കുമരുന്ന് കണ്ടെത്താനായില്ല.

സ്വര്‍ണം പരിശോധനയും എമിഗ്രേഷന്‍ പരിശോധനയുമാണ് വിമാനമിറങ്ങുമ്പോള്‍ സാധാരണയായുള്ളത്. ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഇയാള്‍ ഹോട്ടലില്‍ വിശ്രമിച്ചശേഷം രാത്രി വീണ്ടും വിമാനത്താവളത്തിലെത്തുകയായിരുന്നു. രാത്രി 8.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരു വഴി ഗോവയിലേക്ക് പോകാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി.


Dont Miss: ‘നടന്നത് സത്യപ്രതിജ്ഞാ ലംഘനം’; സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി


എന്നാല്‍ സി.ഐ.എസ്.എഫ് നടത്തിയ ദേഹപരിശോധനയില്‍ പിടിയിലാകുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ശരീരത്തില്‍ ചില ഭാഗം മുഴച്ചുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ വിശദപരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ആദ്യം നാലു കോടിയോളം രൂപയാണ് കൊക്കെയ്‌നു മൂല്യം കണക്കാക്കിയത്. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമുള്ള പുനര്‍മൂല്യനിര്‍ണയത്തില്‍ 15 കോടിയോളം രൂപ വരുമെന്ന് കണക്കാക്കി. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ലഹരി മരുന്നു പിടിത്തമാണിതെന്നു എന്‍.സി.ബി അറിയിച്ചു.

We use cookies to give you the best possible experience. Learn more