Daily News
മന്ത്രിസഭാ പുനഃസംഘടന; മുഖ്യമന്ത്രി ഇന്ന് ദല്‍ഹിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 23, 06:04 am
Wednesday, 23rd July 2014, 11:34 am

oommen[] തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വൈകിട്ട് ദല്‍ഹിക്ക് പോകും. മന്ത്രിസഭാ പുനഃസംഘടനക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് നേരത്തെ അനുമതി നല്‍കിയിരുന്നു. ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവി രാജി സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും മുഖ്യമന്ത്രി ഹൈക്കമാന്റിനെ ധരിപ്പിക്കും.

വിപുലമായ പുനഃസംഘടനയാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നതെങ്കില്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കിയതിനു ശേഷമുളള പുനസംഘടനയ്ക്കാകും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കുക.

മുഖ്യമന്ത്രിക്കു പിന്നാലെ ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ദല്‍ഹിയില്‍ എത്തുന്നുണ്ട്. പുനഃസംഘടന സംബന്ധിച്ച് തങ്ങളുടെ വികാരം ഇരുവരും ഹൈക്കമാന്റിനെ ധരിപ്പിക്കും. മുഖ്യമന്ത്രിയുടെ ദല്‍ഹി സന്ദര്‍ശനത്തിനു ശേഷം സംസ്ഥാനത്ത് ചര്‍ച്ചയാരംഭിക്കാനാണ് നേരത്തെ ഉണ്ടാക്കിയ ധാരണ. വി.എം സുധീരന്‍ വിദേശത്ത് നിന്ന് എത്തുന്ന മുറയ്ക്ക് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ആരംഭിക്കും.

ഇതിനിടെ അനൗദ്യോഗിക ആശയവിനിമയവും നടത്തും.സംസ്ഥാനത്ത് ഇപ്പോള്‍ ഉളള അനുകൂല സാഹചര്യം നിലനിര്‍ത്തി പാര്‍ട്ടിക്കുളളിലും മുന്നണിയിലും ധാരണയുണ്ടാക്കിയുളള പുനസംഘടനയാകും മുഖ്യമന്ത്രി ലക്ഷ്യമിടുക.

കൂടാതെ, ഇറാഖ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായും കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. വൈകീട്ട് ആറു മണിക്കാണ് മുഖ്യമന്ത്രിയുടെ ദല്‍ഹി യാത്ര.