ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും സത്യപ്രതിജ്ഞ ചെയ്തു
India
ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും സത്യപ്രതിജ്ഞ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2012, 12:01 pm

ന്യൂദല്‍ഹി: മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി  കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിമാരായി ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.

രാവിലെ 11.30 ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. കൊടിക്കുന്നിലിന് തൊഴില്‍ വകുപ്പും ശശി തരൂരിന് മാനവശേഷിയും ലഭിക്കുമെന്നാണ് അറിയുന്നത്.[]

മാവേലിക്കരയില്‍ നിന്നുള്ള എം.പിയാണ് കൊടിക്കുന്നില്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സന്തോഷം നിര്‍വഹിക്കുമെന്ന് കൊടിക്കുന്നില്‍ പറയുന്നു.

കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ പടക്കം പൊട്ടിച്ചാണ് സഹപ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

എന്നാല്‍ ശശി തരൂര്‍ യാതൊരു ബഹളവുമില്ലാതെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.

കേരളത്തില്‍ നിന്ന് കൊടിക്കുന്നിലും തരൂരും മന്ത്രിമാരായതോടെ കേരളത്തിന്റെ പ്രാധിനിത്യം എട്ടായി ഉയര്‍ന്നു.

കെ.റഹ്മാന്‍, അജയ് മാക്കന്‍, ഹരീഷ് റാവത്ത്, ദിന്‍ഷാ പട്ടേല്‍, അശ്വിനി കുമാര്‍, എം. പള്ളം രാജു, ചന്ദ്രേശ് കുമാരി കഠോജ് എന്നിവരാണ് ക്യാബിനറ്റ് മന്ത്രിമാര്‍.

റാണി നരഹ്, അദിര്‍ റഞ്ജന്‍ ചൗദരി, അബു ഹസീം ഖാന്‍ ചൗദരി, സത്യനാരായണ സര്‍വ, നിനോങ് എറിങ്,ദീപ ദാസ് മുന്‍ഷി, പൂരിക ബല്‍റാം നായിക്, കൃപാണി കിലി, ലാല്‍ചന്ദ് കതാരിയ, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് സഹമന്ത്രിമാര്‍.

മനീഷ് തിവാരിയും സിനിമാതാരവും ആന്ധ്രാ എം.പിയുമായ ചിരഞ്ജീവയും  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മറ്റ് കേന്ദ്രമന്ത്രിമാര്‍, രാഹുല്‍ഗാന്ധി, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍  പങ്കെടുത്തു.

കൊടിക്കുന്നിലിന്റെ മന്ത്രിസ്ഥാനം ദളിത് സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.