ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം പുന:സംഘടന കഴിഞ്ഞതോടെ എന്‍.ഡി.എയില്‍ അതൃപ്തി രൂക്ഷമായി. പ്രധാന ഘടകക്ഷിയായ ശിവസേനയെയോ മറ്റു കക്ഷികളെയോ മന്തരിസഭയിലേക്ക് പരിഗണിക്കാതിരുന്നതാണ് മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
Also Read: ‘അപ്പോ ഇതാണ് കാര്യം’; കോഹ്‌ലിക്കൊപ്പമുള്ള വിജയ രഹസ്യം വെളിപ്പെടുത്തി രവിശാസ്ത്രി
ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് ബീഹാറിലെ മഹാസഖ്യത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് എന്‍.ഡി.എയില്‍ ചേര്‍ന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും പു:നസംഘടനയില്‍ നിരാശയായിരുന്നു ഫലം. കഴിഞ്ഞയാഴ്ച ബീഹാറില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലിയില്‍ വിമത ജെ.ഡി.യു നേതാവ് ശരത് യാദവ് പങ്കെടുത്തതും നിതീഷിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്നുള്ള അവഗണനയും.
രണ്ടാഴ്ച മുമ്പ് എന്‍.ഡി.എയിലെത്തിയ നിതീഷിന്റെ ജെ.ഡി.യുവിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പാര്‍ട്ടിക്ക് ഉറച്ച പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പുന:സംഘടനയില്‍ ബി.ജെ.പിക്ക് പുറത്തു നിന്നുള്ള ആരെയും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മോദിയുടെ ഭാഗത്തു നിന്ന് യാതൊരു നിര്‍ദ്ദേശവും ലഭിച്ചില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഇതില്‍ പാര്‍ട്ടിയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുന:സംഘടനയില്‍ ഒരു ക്യാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവും ലഭിക്കുമെന്നായിരുന്നു ജെ.ഡി.യു പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി യാതൊരു പരിഗണനയും പാര്‍ട്ടിയ്ക്ക് നല്‍കിയില്ല.
രണ്ട് ലോക്‌സഭാംഗങ്ങളും ഏഴു രാജ്യസഭാ അംഗങ്ങളും ജെ.ഡി.യുവിനു പാര്‍ലമെന്റിലുണ്ട്. നേരത്തെ മുന്നണിമാറ്റ സമയത്ത് വിമത നേതാവ് ശരത് യാദവിന് അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസ്ഥാനം വാഗ്ദാനം ചെയതിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും ബി.ജെ.പിയിലേക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശരത് യാദവ്.
നേരത്തെ പുന:സംഘടനയില്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന പുതിയമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടു നിന്നിരുന്നു. തങ്ങള്‍ക്ക് അധികാരത്തോട് ആര്‍ത്തിയില്ലെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മറുപടി.