ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
‘രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന തട്ടിപ്പാണെന്നും വിമതര്‍ക്കും കളംമാറിയവര്‍ക്കും അവസരം നല്‍കുകയാണെന്നും സുര്‍ജേവാല പറഞ്ഞു. ഒട്ടേറെ മന്ത്രിമാരെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന നമ്മുടെ ഭൂമി കൈയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍ജമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭയിലെ സ്ത്രീകളുടെ എണ്ണം പതിനൊന്നായിരിക്കും. പുതിയ മന്ത്രിസഭയിലെ ശരാശരി പ്രായം 58 വയസ്സായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 61 വയസ്സായിരുന്നു.
ബ്രാഹ്‌മണ ക്ഷത്രിയ, ഭൂമിഹാര്‍, ബനിയ, കയാസ്ത്, ലിംഗായത്ത് തുടങ്ങിയ സമുദായങ്ങളില്‍ നിന്ന് 29 മന്ത്രിമാരുണ്ടാകുമെന്നും പുതിയ സര്‍ക്കാരില്‍ 50 വയസിന് താഴെയുള്ള 14 മന്ത്രിമാരുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, രണ്ട് ബുദ്ധ മതക്കാര്‍ ഉള്‍പ്പെടെ ന്യൂനപക്ഷത്തില്‍ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകും. ഇതില്‍ മൂന്ന് പേര്‍ക്ക് ക്യാബിനറ്റ് റാങ്കുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.