| Saturday, 13th January 2018, 4:09 pm

ജഡ്ജിമാരെ പോലെ ഭയം മാറ്റിവെച്ച് കേന്ദ്ര മന്ത്രിമാരും ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തണം; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭയം മാറ്റിവെച്ച് ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ കേന്ദ്ര മന്ത്രിമാരോട് ആഹ്വാനം ചെയ്ത് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ച് ജഡ്ജിമാര്‍ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയപോലെ ഭയം മാറ്റിവെച്ച് കേന്ദ്രമന്ത്രിമാരും മുന്നോട്ടു വരണമെന്നാണ് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടത്.

സുപ്രീം കോടതിയുടെ തലവന്‍ ചീഫ് ജസ്റ്റിസ് ആണെന്ന പോലെ കേന്ദ്ര മന്ത്രിസഭയുടെ തലവനാണ് പ്രധാനമന്ത്രി. പക്ഷെ പല വിഷയങ്ങളും വരുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല. ഇത് ജനാധിപത്യത്തിന് തിരിച്ചടിയാവും. അതുകൊണ്ട് ജനാധിപത്യ സംരക്ഷണത്തിനായി കേന്ദ്രമന്ത്രിമാര്‍ തന്നെ ആദ്യം ശബ്ദമുയര്‍ത്തണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

വളരെ ചുരുക്കിയാണ് പല പാര്‍ലമെന്റ് സമ്മേളനങ്ങളും കഴിഞ്ഞുപോവുന്നത്. ഇത്തരത്തിലുള്ള പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടന്ന് പോവുന്നതെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

നിയമനിര്‍മാണ സഭ ഒത്തുതീര്‍പ്പ് സഭയാവുകയും സുപ്രീം കോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം ഭീഷണിയിലാവുമെന്നും മുതിര്‍ന്ന സുപ്രീം കോടതി ജസ്റ്റിസുമാര്‍ തന്നെ ജനാധിപത്യം ഭീഷണിയാലാണെന്ന് പറയുമ്പോള്‍ അവരുടെ വാക്കുകളെ നിസ്സാരമായി തള്ളിക്കളയരുതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

We use cookies to give you the best possible experience. Learn more