പത്തനംതിട്ട: അയ്യപ്പ ഭക്തരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാടെടുത്തതോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് യാത്ര തിരിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കേന്ദ്രമന്ത്രിയ്ക്ക് പമ്പയിലേക്ക് സ്വന്തം വാഹനത്തില്‍ പോകാമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ എല്ലാ ഭക്തരുടെയും വാഹനം പമ്പയിലേക്ക് കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിന് പൊലീസ് അനുമതി നല്‍കാതായതോടെ എല്ലാ തീര്‍ത്ഥാടകരും പോകുന്നതുപോലെ താനും പോകാമെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയായിരുന്നു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ട്.
പ്രളയം കാരണം പമ്പയിലും പരിസര പ്രദേശത്തും എപ്പോഴും മണ്ണിടിച്ചലുണ്ടാകുമെന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ സ്വകാര്യ വാഹനങ്ങള്‍ അവിടെ പാര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലയ്ക്കലിന്റെ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് പറഞ്ഞത്. ഇത് ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കിയിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസില്‍ മാത്രമേ ഭക്തരെ പമ്പയിലേക്കു വീടൂവെന്നതായിരുന്നു പൊലീസ് നിലപാട്. കെ.എസ്.ആര്‍.ടി. ബസ് അവിടെ പാര്‍ക്കു ചെയ്യാറില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന നിലപാടില്‍ കേന്ദ്രമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇതോടെ അങ്ങനെ ചെയ്താല്‍ ട്രാഫിക് ജാം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് കേന്ദ്രമന്ത്രിയോട് പൊലീസ് ചോദിച്ചു. “എനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടാന്‍ ഗുരുതരമായ ട്രാഫിക് ജാമുണ്ടാകുമെന്നും അത് എല്ലാ ഭക്തര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും യതീഷ് ചന്ദ്ര വിശദീകരിച്ചു.
എല്ലാ ഭക്തര്‍ക്കും സുഗമമായ യാത്ര സാധ്യമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഭക്തര്‍ക്ക് പമ്പയിലേക്ക് പോകാന്‍ കെ.എസ്.ആര്‍.സി ബസ് സൗകര്യമുണ്ടെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. എന്നാല്‍ സ്വകാര്യ വാഹനങ്ങളെ കടത്തി വിടണമെന്ന നിലപാടില്‍ ഉറച്ചുനിന്ന കേന്ദ്രമന്ത്രി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര തുടരുകയായിരുന്നു.