വാഷിംഗ്ടണ്‍: ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനുമേല്‍ സമ്മര്‍ദ്ദമേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ട്രംപനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കലാപം ഉയര്‍ത്തിയതിന് പിന്നാലെയാണ് മൈക്ക് പെന്‍സിനുമേല്‍ ട്രംപിനെ പുറത്താക്കാന്‍ സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുന്നത്.
ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങളും അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് മരിച്ചാലോ, കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി ഇല്ലാതായാലോ പ്രസിഡന്റിനെ പുറത്താക്കി വൈസ് പ്രസിഡന്റിന് ഭരണമേറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് 25ാമത് ഭരണഘടന ഭേദഗതി.
ട്രംപിന്റെ പ്രവൃത്തിക്കള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ ക്യാബിനറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അമേരിക്കയിലെ വ്യവസായ പ്രമുഖര്‍ ട്രംപിനെ അധികാരത്തില്‍ നിന്നും നീക്കാന്‍ ആവശ്യപ്പെട്ടതായി യു.എസ്.എ ടുഡേയും റിപ്പോര്‍ട്ടു ചെയ്തു.
ജനുവരി 20ന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ നില്‍ക്കുന്നതിനിടയിലാണ് അമേരിക്കയില്‍ സമാനതകളില്ലാത്ത അട്ടിമറി നീക്കങ്ങള്‍ അരങ്ങേറുന്നത്.
ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ഭരണഘടനയുടെ 25ാമത് ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യം നേരത്തെയും ഉയര്‍ന്നിരുന്നു. ജോണ്‍ എഫ്.
കെന്നഡിയുടെ മരണത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ 25ാമത് ഭേദഗതിക്ക് പ്രസക്തിയേറിയത്. നേരത്തെ അമേരിക്കയിലെ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്, റൊണാള്‍ഡ് റിഗന്‍ തുടങ്ങിയവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ 25ാമത് ഭേദഗതി ഉപയോഗിച്ചിരുന്നു.
എന്നാല്‍ പ്രസിഡന്റ് അയോഗ്യനാണെന്ന പൊതു അഭിപ്രായത്തിന്‍മേല്‍ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഭേദഗതിയുടെ നാലാമത്തെ അനുച്ഛേദം ഇതുവരെ അമേരിക്കയുടെ ചരിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ഇത്രവലിയ ആക്രമണം നടക്കുന്നത്.
ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ നാലുപേര്‍ ഇതുവരെ കൊല്ലപ്പെട്ടു.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.
ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റി.
ഇത് വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.
നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്യാനുള്ള നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാന്‍ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.
നേരത്തെ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു.
ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്.