[] തിരുവനന്തപുരം: വര്‍ധിപ്പിച്ച വെള്ളക്കരത്തില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ തീരുമാനം. 15,000 ലിറ്റര്‍ വരെയുള്ള വെള്ളത്തിന്റെ ഉപഭോഗത്തിന് കരം ഈടാക്കില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ധാരണയായി. അതേസമയം ആഢംബരനികുതി വര്‍ധിപ്പിച്ച് നികുതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ആഢംബര വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകള്‍ക്കും 2000 ചതുരശ്ര അടിക്ക് മുകളിലുള്ള ഫ്‌ളാറ്റുകള്‍ക്കും നികുതി കൂടും. 20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള കാറുകള്‍ക്കും നികുതി വര്‍ധന ബാധകമാണ്.
വെള്ളക്കരം വര്‍ധനവില്‍ നിന്ന് സാധാരണക്കാരെ ഒഴിവാക്കാനായാണ് വെള്ളത്തിന്റെ നികുതി വര്‍ധനവില്‍ ഇളവ് വരുത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. എട്ട് ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് നികുതി ഇളവ് ഗുണം ചെയ്യും. നേരത്തെ 10,000 ലിറ്റര്‍ വരെയുള്ള ഉപഭോഗത്തിനായിരുന്നു സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത്.
20,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നികുതി വര്‍ധനവില്‍ നിന്ന് ഒഴിവാക്കണമെന്ന് കെ.പി.സി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്യായമായി നികുതി വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷം നികുതി നിഷേധ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നികുതിയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.