മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ പുനസംഘടനയില്‍ ധനകാര്യവകുപ്പ് എന്‍.സി.പി വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് നല്‍കി. അജിത് പവാറും എട്ട് എം.എല്‍.എമാരും ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ പ്രതിജ്ഞ ചെയ്ത് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് സീറ്റ് വിഭജനത്തില്‍ തീരുമാനമായിരിക്കുന്നത്. ധനവകുപ്പ്, സഹകരണം, വനിതാ ശിശുക്ഷേമ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദുരിതാശ്വാസ പുനരുദ്ധാരണം എന്നീ വകുപ്പുകളാണ് അജിത് പവാര്‍ പക്ഷത്തിന് നല്‍കിയിരിക്കുന്നത്.
എന്‍.സി.പി നേതാക്കളായ അജിത് പവാറും പ്രഫുല്‍ പട്ടേലും വ്യാഴായ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി.ജെ.പിയിലെ മുതര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിതരണത്തില്‍ തീരുമാനമായത്. നേരത്തെ തന്നെ അജിത് പവാര്‍ ധനകാര്യ വകുപ്പിനായുള്ള ആവശ്യം ഉന്നയിച്ചിരുന്നു.
ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ തന്നെ ധനകാര്യവകുപ്പിന്റെ ചുമതല വഹിക്കും. ധനഞ്ജയ് മുണ്ടേക്ക് കൃഷി വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഹസന്‍ മുഷ്‌രിഫിനും നല്‍കി. ഫുഡ് ആന്‍ഡ് സിവില്‍ സപ്ലെയുടെ ചുമതല ഛഗന്‍ ഭുജ്ബപ് വഹിക്കും. ദര്‍മാരോ അത്രം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും അദിതി തത്കരെ ശിശു ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള ലിസ്റ്റ് ഗവര്‍ണര്‍ക്ക് നല്‍കി. ഗവര്‍ണര്‍ ലിസ്റ്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടികള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറും.
ജൂലൈ രണ്ടിനായിരുന്നു എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാറും 8 എം.എല്‍.എമാരും ഷിന്‍ഡെ സര്‍ക്കാരിലെത്തി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ മുഖ്യമന്ത്രി ഷിന്‍ഡെയുടെ നേതൃത്വത്തിലുളള ശിവസേന വിമത പക്ഷവുമായുള്ള തര്‍ക്കമാണ് മന്ത്രിസഭാ പുനസംഘടന വൈകാന്‍ കാരണമായത്.