ലാലിസത്തിനായി വാങ്ങിയ പണം തിരികെ വാങ്ങുന്നത് മോഹന്‍ലാലിനെ അപമാനിക്കുന്നതിനു സമാനമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതുകൊണ്ടുതന്നെ മോഹന്‍ലാലില്‍ നിന്നും പണം തിരിച്ചുവാങ്ങേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ലാലിസത്തിനുവേണ്ടി വാങ്ങിയ പണം ഇതിനകം തന്നെ മോഹന്‍ലാല്‍ തിരിച്ചയച്ചിട്ടുണ്ട്. ഗെയിംസ് സി.ഇ.ഒയുടെ പേരില്‍ സ്പീഡ് പോസ്റ്റായിട്ടാണ് മോഹന്‍ലാല്‍ ചെക്ക് അയച്ചിരിക്കുന്നത്.
ലാലിസത്തിനുവേണ്ടി വാങ്ങിയ പണം തിരിച്ചു നല്‍കുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചിരുന്നു. പണം തിരിച്ചുനല്‍കിയില്ലെങ്കില്‍ ഒത്തുകളിയാണെന്ന ആക്ഷേപം ഉയരാനിടയുണ്ട്. അതിനാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ തീരുമാനം.
ദേശീയ ഗെയിംസിന്റെ ശോഭ കളഞ്ഞ ഏക കാര്യം ലാലിസം മാത്രമാണെന്ന് മന്ത്രിമാരടക്കമുള്ളവര്‍ പറഞ്ഞത് മോഹന്‍ലാലിനെ ഏറെ വിഷമിപ്പിച്ചെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം എന്തു തന്നെയായാലും വാങ്ങിയ പണം തിരികെ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.