Daily News
സംസ്ഥാനത്ത് മദ്യത്തിനും സിഗരറ്റിനും വില കൂടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 17, 11:09 am
Wednesday, 17th September 2014, 4:39 pm

liquor[] തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഉയര്‍ത്തിയതിന് പിന്നാലെ മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

മദ്യത്തിന് 20 ശതമാനം നികുതിയാണ് ഉയര്‍ത്തുന്നത്. ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിന് തുക കണ്ടെത്തുന്നതിനായി മദ്യത്തിന്  5 ശതമാനം അധിക സെസ് ഏര്‍പ്പെടുത്തും. വൈന്‍, ബിയര്‍ എന്നിവയുടെ നികുതി 50ല്‍ നിന്ന് 70 ശതമാനം ആക്കി ഉയര്‍ത്തി.

സിഗരറ്റിന്റെ നികുതി 22ല്‍ നിന്ന് 30 ശതമാനം ആക്കിയാണ് ഉയര്‍ത്തിയത്. ഇതിലൂടെ 1200 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍  പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 10,000 കിലോ ലിറ്ററിനു മുകളില്‍ ജലം ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ വെള്ളക്കരം ബാധകമാകുന്നത്.