| Wednesday, 1st January 2025, 12:35 pm

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. 2 എസ്റ്റേറ്റുകളിലായി ടൗൺഷിപ്പുകൾ വികസിപ്പിച്ച് വീടുകൾ നിർമിക്കാനുള്ള കർമപദ്ധതിയുടെ കരടുരേഖ മാസം 22ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു.

തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്നു തീരുമാനിച്ചെങ്കിലും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, എം.ടി.വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നില്ല.

ആയിരം സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റ നില വീട് ആയിരിക്കും നിർമിക്കുക. തീരുമാനങ്ങൾ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നടത്തുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.

അതിനിടെ പുനരധിവാസവുമായി ബന്ധപ്പെട്ട്എസ്റ്റേറ്റുകളിൽ സർവേ നടപടി തുടങ്ങിയിട്ടുണ്ട്. ഏൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലാണ്‌ സർവ്വേ നടക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ജെ. യു. അരുണിന്റെ നേതൃത്വത്തിലാണ്‌ സംഘം സ്ഥലം പരിശോധിക്കുന്നത്‌. കൃഷി, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത മഹസർ നടപടിക്കും തുടക്കമായിട്ടുണ്ട്. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ നടപടികൾ നടത്തുന്നത്.

അതേസമയം വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്ക് ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട കേരളത്തിന്റെ നിരന്തര ആവശ്യവും സമ്മർദവും ആണ് ഒടുവിൽ ഫലം കണ്ടത്.

updating…

Content Highlight: Cabinet approves Wayanad rehabilitation project

Latest Stories

We use cookies to give you the best possible experience. Learn more