സാമ്പത്തിക മേഖല തകര്‍ച്ചയില്‍; വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍
national news
സാമ്പത്തിക മേഖല തകര്‍ച്ചയില്‍; വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 11:43 pm

ന്യൂദല്‍ഹി: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖല, ഡിജിറ്റല്‍ മേഖല, ഉല്‍പാദനമേഖല എന്നിവയിലാണ് വ്യവസ്ഥകള്‍ ലഘൂകരിച്ചിരിക്കുന്നത്.

തകര്‍ച്ച നേരിടുന്ന സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്താനാണ് വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവു വരുത്തിയതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

രാജ്യത്ത് വിദേശ നിക്ഷേപം കൂട്ടുകയാണ് നിക്ഷേപവ്യവസ്ഥകളില്‍ അയവു വരുത്തിയതോടെ ലക്ഷ്യം വയ്ക്കുന്നത്. ഇതുമൂലം നിക്ഷേപം, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയ്ക്ക് സഹായകരമാകും. കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നും പിയൂഷ് ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡിജിറ്റല്‍ മീഡിയയില്‍ 26 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്. കല്‍ക്കരി ഖനനത്തില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യാന്തര തലത്തില്‍ മികച്ച കല്‍ക്കരി വിപണിയാകാന്‍ ഇതു സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക ഉല്‍പാദനത്തിനും നൂറുശതമാനം നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി നല്‍കി.

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വ്യാപാരരംഗത്തെ പ്രാദേശിക നിക്ഷേപങ്ങള്‍ ഉദാരമാക്കിയതോടെ വ്യാപാരസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് മുന്‍പു തന്നെ ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങാം. ഓണ്‍ലെന്‍ വ്യാപാരം ലോജിസ്റ്റിക്, ഡിജിറ്റല്‍ പണമിടപാട് രംഗം എന്നീ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.

രാജ്യത്തു പുതിയതായി 75 മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

24375 കോടി രൂപ ചെലവിലായിരിക്കും കോളേജുകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി അധികമായി 15700 എം.ബി.ബി.എസ് സീറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ജാവേദ്കര്‍ പറഞ്ഞു. കരിമ്പ് കയറ്റുമതിക്ക് സബ്‌സിഡി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 6268 കോടി രൂപ പ്രഖ്യാപിച്ചു.