| Thursday, 16th December 2021, 9:36 am

തോട്ടങ്ങള്‍ വീണ്ടും കാടാകുന്നു; വന പുന:സ്ഥാപന നയരേഖക്ക് മന്ത്രിസഭയില്‍ അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തോട്ടങ്ങളെ സ്വാഭാവിക വനങ്ങളാക്കി മാറ്റുന്ന നയരേഖക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും മണ്ണ്, ജലസംരക്ഷണം എന്നിവ ലക്ഷ്യമിട്ടും വനവകുപ്പിന്റെ തോട്ടങ്ങള്‍ ഘട്ടംഘട്ടമായി സ്വാഭാവിക വനങ്ങളാക്കി മാറ്റുന്ന നയരേഖയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

വന പുനഃസ്ഥാപനം ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രിസഭയെ അറിയിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ശോഷിച്ച വനങ്ങള്‍, അക്കേഷ്യ, വാറ്റില്‍, യൂക്കാലി തോട്ടങ്ങള്‍, തേക്ക് തോട്ടങ്ങളില്‍ വരള്‍ച്ച മുരടിച്ചവ, വന്യജീവി വഴിത്താരകളിലുള്ളവ, പ്രകൃതിദുരന്ത സാധ്യത പ്രദേശങ്ങളിലുള്ളവ, നദീതീരങ്ങളിലുള്ളവ എന്നിവയാകും സ്വാഭാവിക വനങ്ങളാക്കി മാറ്റുക.

വ്യാവസായിക തോട്ടങ്ങളില്‍ നിന്ന് വെട്ടിമാറ്റുന്ന അസംസ്‌കൃത വസ്തുക്കള്‍ ചെറുകിട വനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് ന്യായവിലക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഇങ്ങനെ കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം പരിസ്ഥിതി പുന: സ്ഥാപന പ്രവര്‍ത്തനങ്ങള്‍, തേക്ക് തോട്ടങ്ങളുടെ പരിപാലനം, വനാധിഷ്ഠിത സമൂഹത്തിന്റെ ഉന്നമനം, ആധുനിക വനപരിപാല പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കും.

വനത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞക്കൊന്ന, ലന്റാന, മൈക്കേനിയ തുടങ്ങിയ മരങ്ങളെ നീക്കം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

തദ്ദേശ സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രീതിയില്‍ മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വനാശ്രിതര്‍ക്ക് ഇതിലൂടെ അധിക തൊഴിലവസരങ്ങള്‍ നല്‍കും.

ചെറുകിട വനവിഭവങ്ങളുടെ ശാസ്ത്രീയശേഖരണം, മൂല്യവര്‍ധന, മെച്ചപ്പെട്ട വിപണനം എന്നിവ ഉറപ്പാക്കി ആദിവാസി സമൂഹത്തിന് തൊഴിലവസരങ്ങള്‍ നല്‍കുകയും ഇതിലൂടെ കാടിന്റെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യും.

കൂടാതെ കാവുകള്‍ പൊതുജന പങ്കാളിത്തതോടെ സംരക്ഷിക്കാന്‍ പ്രോത്സാഹനം നല്‍കും. സ്വകാര്യ ഉടമസ്ഥതിയിലുള്ള കണ്ടല്‍ കാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കും.

വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്താന്‍ തടയണകളും കുളങ്ങളും നിര്‍മിക്കും. വിദ്യാലയങ്ങളിലും നഗരങ്ങളിലും മറ്റ് ചെറുവനങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കും.

ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കാടിന്റെ അതിര്‍ത്തി നിര്‍ണയിച്ച് ജണ്ടക്കെട്ടി സംരക്ഷിക്കും. വനസുരക്ഷയ്ക്കായി കൂടുതല്‍ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും എന്നിങ്ങനെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Cabinet approves forest restoration policy

We use cookies to give you the best possible experience. Learn more