കോഴിക്കോട് മോണോ റെയിലിന് മന്ത്രിസഭയുടെ പച്ചക്കൊടി
Kerala
കോഴിക്കോട് മോണോ റെയിലിന് മന്ത്രിസഭയുടെ പച്ചക്കൊടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th October 2012, 6:21 am

തിരുവനന്തപുരം: കോഴിക്കോട് മോണോ റെയിലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ മോണോ റെയില്‍ നടത്തിപ്പിന് കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനി രൂപവത്കരിക്കാനും തീരുമാനിച്ചു.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് തന്നെയാകും നിര്‍മാണച്ചുമതല. 1701 കോടി രൂപ ചെലവഴിച്ച് കോഴിക്കോട് നിര്‍മിക്കുന്ന ഒന്നാംഘട്ട പദ്ധതിയ്ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്.[]

റോഡ് ഫണ്ട് ബോര്‍ഡ് സമര്‍പ്പിച്ച കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തു.

വില്‍ബര്‍ സ്മിത്ത് എന്ന കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടും അതില്‍മേല്‍ ഡി.എം.ആര്‍.സി ഉപദേശകന്‍ ഇ. ശ്രീധരന്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ടാണ് റോഡ് ഫണ്ട് ബോര്‍ഡ് മന്ത്രിസഭയില്‍ സമര്‍പ്പിച്ചത്.

മെഡിക്കല്‍ കോളേജ് ജങ്ഷന്‍ മുതല്‍ രാമാനാട്ടുകര വരെ 23കി.മീ നീളുന്ന മോണോ റെയിലിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുതല്‍ മീഞ്ചന്ത വരെയുള്ള 14.2കി.മീ ആണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. മാവൂര്‍റോഡില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാനാഞ്ചിറയിലൂടെ ദേശീയപാത 66-ല്‍ കടന്നാണ് മോണോ റെയില്‍ നിര്‍മിക്കുക.