| Wednesday, 11th December 2019, 1:50 pm

'ഈ ബില്‍ എഴുതിവെയ്ക്കപ്പെടാന്‍ പോകുന്നത് ജിന്നയുടെ കുഴിമാടത്തില്‍'; പൗരത്വ ഭേദഗതി ബില്ലിനെതിരെ ജനമുന്നേറ്റമുണ്ടാകുമെന്നും ഡെറക് ഒബ്രയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാന്‍. ബില്‍ ഇന്ത്യാ വിരുദ്ധമാണെന്നും ബംഗാളിന് എതിരാണെന്നും ഇതിനെതിരെ ജനമുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. വഴിതിരിച്ചുവിടുന്നതിനു വേണ്ടിയാണ് ഈ ബില്ലെന്നു പറയുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും ബില്‍ ഒരു അജണ്ടയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ബില്‍ ബംഗാളിന് എതിരാണ്. ഇത് ഇന്ത്യാ വിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധവും. ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുയാണ്. ബില്ലിനെതിരെ ജനമുന്നേറ്റമുണ്ടാകും. ഒരു ബംഗാളിയെ ദേശസ്‌നേഹത്തെക്കുറിച്ചു പഠിപ്പിക്കേണ്ട ആവശ്യവുമില്ല.

പൗരത്വ ഭേദഗതി ബില്ലും 1933-34-ല്‍ നാസി ജര്‍മനിയില്‍ പാസ്സാക്കിയ പൗരത്വ നിയമങ്ങളും തമ്മില്‍ ഭയാനകമായ സാമ്യതകളുണ്ട്. നാസികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പൗരത്വ ഭേദഗതി ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.’- അദ്ദേഹം ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബില്ലിനെ അംഗീകരിക്കുന്നത് 40 ശതമാനം മാത്രമാണെന്നും 60 ശതമാനം എതിര്‍പ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എന്‍.ആര്‍.സി അസമില്‍ നടപ്പായിട്ടില്ല. നിങ്ങളുടെ പരീക്ഷണ പദ്ധതി പരാജയപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് നിങ്ങള്‍ക്കിത് 27 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കണം അല്ലേ?

ഇന്ത്യക്കുള്ളില്‍ ജീവിക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. രണ്ടുകോടിയാളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. പിന്നെങ്ങനെയാണ് പുതിയയാളുകളെ സംരക്ഷിക്കാന്‍ പോകുന്നത്? ഈ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മികച്ചുനില്‍ക്കുന്നു. വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതില്‍ അതിനേക്കാള്‍ അവര്‍ മികച്ചുനില്‍ക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഈ ബില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതപ്പെടും എന്നാണ്. ഞാന്‍ പറയാം ഇതെവിടെയാണ് എഴുതിവെയ്ക്കാന്‍ പോകുന്നതെന്ന്- ജിന്നയുടെ കുഴിമാടത്തില്‍.’ അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more