'പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും ധ്രുവീകരണത്തിനായി ഫാസിസ്റ്റുകള്‍ അഴിച്ചുവിട്ട ആയുധങ്ങള്‍'- രാഹുല്‍
ന്യൂദല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അക്രമത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ സമാധാനപരമായ പ്രതിഷേധിക്കുന്ന എല്ലാവരോടും താന്‍ ഐക്യപ്പെടുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തു.
‘പൗരത്വ ഭേദഗതി ബില്ലും എന്‍.ആര്‍.സിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങള്‍ക്കെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്.
പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ സമാധാനപരമായ പ്രതിഷേധിക്കുന്ന എല്ലാവരോടും ഞാന്‍ ഐക്യപ്പെടുന്നു.’- അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ഇന്നലെ അതിക്രമിച്ചു കയറിയ പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇന്നലെ രാത്രി മുതല്‍ നടക്കുന്നത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധിച്ചത്.
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്‌സിറ്റിയിലേയും അലിഗഡ് യൂണിവേഴ്‌സിറ്റിയിലേക്കും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേരത്തേ രംഗത്തെത്തിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മോദി സര്‍ക്കാര്‍ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ദല്‍ഹിയില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
‘രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്.
ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണ്.’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.