| Sunday, 1st September 2024, 5:20 pm

ക്യാബ് ഡ്രൈവറെ മര്‍ദിച്ചു; മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കാറില്‍ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ക്യാബ് ഡ്രൈവരെ മര്‍ദിച്ചതിന് മാധ്യമപ്രവര്‍ത്തകനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. ക്യാബ് ഡ്രൈവറുടെ പരാതിയുടെയും മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയുമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സുരക്ഷാ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

ഘാട്‌കോപ്പറിലെ അസല്‍ഫ ഗ്രാമത്തിന് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകനായ ഋഷഭ് ചക്രവര്‍ത്തി തന്റെ ഓഡി കാര്‍ ക്യാബില്‍  ഇടിക്കുകയായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ഘടേക്കര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമപ്രവര്‍ത്തകന്റെ കാര്‍ ക്യാബില്‍ ഇടിച്ചതിനാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ക്യാബ് ഡ്രൈവര്‍ നഷ്ടപരിഹാരം ചോദിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.

എന്നാല്‍ ഇതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനും ഭാര്യയും ഡ്രൈവറെ അധിക്ഷേപിക്കുകയായിരുന്നു. പിന്നാലെ ക്യാബിന്റെ നാവിഗേഷന്‍ ദമ്പതികള്‍ തട്ടിയെടുത്തുവെന്നും ഡ്രൈവര്‍ പറയുന്നു.

വാഹനമെടുത്ത് ദമ്പതികള്‍ പോയതിനെ തുടര്‍ന്ന് ക്യാബ് ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്നതായും അവരുടെ കാറില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ വാക്കേറ്റത്തിന് പുറമേ ഡ്രൈവറെ നിലത്തേക്കെറിയുകയും തല്ലുകയും ചെയ്തതായി എ.എന്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്യാബ് ഡ്രൈവര്‍ക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മനപൂര്‍വം മുറിവേല്‍പ്പിക്കല്‍, ഗുരുതരമായ പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Content Highlight: cab driver was beaten up; case against journalist

We use cookies to give you the best possible experience. Learn more