| Thursday, 14th March 2024, 11:14 am

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ എത്തിയാല്‍ സി.എ.എ പിന്‍വലിക്കുമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങൾ നിയമത്തിനെതിരെ ശക്തമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് നിലപാട് ആവര്‍ത്തിച്ച് അമിത് ഷാ രംഗത്തെത്തിയത്.

ഒരിക്കലും പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് ശേഷം പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെ പോകേണ്ടി വന്ന ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് നിയമം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്താനിലില്‍ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് അത് 3.7 ശതമാനമായി ചുരുങ്ങി. ബാക്കി ഹിന്ദുക്കള്‍ മത പരിവര്‍ത്തനത്തിന് വിധേയരാവുകയാണ് ചെയ്തത്’, അമിത് ഷാ പറഞ്ഞു. അഫ്ഗാനിസ്താനില്‍ ആകെ 500 ഹിന്ദുക്കള്‍ മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം മുസ്‌ലിം വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വിഭാഗങ്ങളോ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പൗരത്വം നല്‍കാന്‍ മാത്രമാണ് നിലവില്‍ വ്യവസ്ഥയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: CAA will never be taken back; Amit Shah

We use cookies to give you the best possible experience. Learn more