| Saturday, 21st December 2019, 2:47 pm

ന്യൂനപക്ഷങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ ഐക്യം ആഗ്രഹിക്കുന്ന എല്ലാവരും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കും: ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ലെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ആഗ്രഹിക്കുന്ന എല്ലാവരും ഇത്തരമൊരു നിയമത്തെ എതിര്‍ക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍.

രാജ്യം നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമായിട്ടാണ് ഞാന്‍ പൗരത്വ ഭേദഗതി നിയമത്തെ കാണുന്നത്. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം.

രാജ്യത്തിന്റെ മതേതരത്വത്തേയും സാമൂഹിക ഐക്യത്തേയും ഇല്ലാതാക്കുന്നതാണ് ഇത്തരമൊരു നിയമം. ഒരു തരത്തിലും ഇതിനോട് യോജിക്കാനാവില്ല. ഇന്ത്യ മതേതര രാഷ്ട്രമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മനുഷ്യനും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമ പ്രകാരം പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന മുസ്‌ലീം ഇതര വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. എന്തുകൊണ്ടാണ് ഇവര്‍ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കാത്തതെന്നും ശരദ് പവാര്‍ ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ചില സംസ്ഥാനങ്ങള്‍ മാത്രമേ ഇതില്‍ എതിര്‍പ്പുയര്‍ത്തൂവെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടിയതെന്നും എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അസം ഉള്‍പ്പെടെ അവര്‍ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്തെത്തിയെന്നും പവാര്‍ പ്രതികരിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്ന് തുടക്കത്തില്‍ തന്നെ എന്‍.സി.പി നിലപാടെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more