ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തിയാല്‍ സി.എ.എ റദ്ദാക്കും; പ്രിയങ്ക ഗാന്ധി
national news
ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തിയാല്‍ സി.എ.എ റദ്ദാക്കും; പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2024, 7:17 pm

പത്തനംതിട്ട: കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് വേണ്ടി നടത്തിയ പ്രചരണ പരിപാടിയിലാണ് പ്രിയങ്കയുടെ പ്രഖ്യാപനം.

സി.എ.എ വിഷയത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഒന്നും മിണ്ടുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രിയങ്കയുടെ പ്രതികരണം.

സി.എ.എക്ക് പുറമേ മണിപ്പൂര്‍ വിഷയത്തിലും പ്രിയങ്ക നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മണിപ്പൂരിലെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സ്ത്രീകളെ അക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. വാളയാര്‍, വണ്ടിപ്പെരിയാര്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

‘കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. സംസ്ഥാനത്ത് ജോലി ലഭിക്കാത്തവര്‍ വിദേശത്തേക്ക് പോകുകയാണ്. 21 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകുന്നില്ല,’ പ്രിയങ്ക പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കും പ്രിയങ്ക മറുപടി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് എതിരെ നില്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Content Highlight: CAA will be repealed if India Front comes to power; Priyanka Gandhi