'ഞങ്ങളെ അറസ്റ്റ് ചെയ്തു, അവഹേളിച്ചു, ജയിലിലടച്ചു, ഒടുവില്‍ ജാമ്യം തന്നൂ, വീണ്ടും എന്തിനാണിത് ഭയപ്പെടുത്താനോ?'; സി.എ.എ പ്രതിഷേധിക്കാരെ വിടാതെ പിന്തുടര്‍ന്ന് യോഗി സര്‍ക്കാര്‍
CAA Protest
'ഞങ്ങളെ അറസ്റ്റ് ചെയ്തു, അവഹേളിച്ചു, ജയിലിലടച്ചു, ഒടുവില്‍ ജാമ്യം തന്നൂ, വീണ്ടും എന്തിനാണിത് ഭയപ്പെടുത്താനോ?'; സി.എ.എ പ്രതിഷേധിക്കാരെ വിടാതെ പിന്തുടര്‍ന്ന് യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th March 2020, 12:04 pm

ലക്‌നൗ: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടി തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവര്‍ക്കെതിരെ വീണ്ടും നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കുറ്റാരോപണവിധേയരായവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്‌നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ പറയുന്നുണ്ട്.

കുറ്റാരോപിതര്‍ക്ക് വ്യക്തിപരമായി അറിയിപ്പ് നല്‍കിയത് കൂടാതെയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു സമീപനം.

കുറ്റാരോപണം നടത്തിയതിന് അപ്പുറത്തേക്ക് പല കേസുകളിലും കുറ്റം തെളിക്കാന്‍ ആവശ്യമായ ഒരു രേഖപോലും പൊലിസിന്റെ പക്കലില്ലെന്നിരിക്കെയാണ് ആരോപണവിധേയരെ പൊതുമധ്യത്തില്‍ ആക്ഷേപിക്കുന്ന തരത്തില്‍ ഇത്തരം പരസ്യപ്പലകകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.

കുറ്റാരോപിതര്‍ക്കെതിരെ വാദങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നത് തടയാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.

ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയിബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരാപുരി എന്നിവരുടെ ഫോട്ടോയും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാറിന്റെ നടപടിക്കെതിരെ കുറ്റാരോപിതരും രംഗത്തെത്തിയിട്ടുണ്ട്.

” ഞങ്ങളെ അറസ്റ്റ് ചെയ്തു, അവഹേളിച്ചു, ജയിലിലടച്ചു. ഒടുവില്‍ ജാമ്യം തന്നൂ. ഇതിപ്പോ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പുതിയ തന്ത്രമാാണിത്. ജയിലിലായിരിക്കേ തന്നെ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതാണ്. എന്റെ കേസിന് വേണ്ടി എങ്ങനെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ നല്‍കേണ്ടതെന്ന് ജയില്‍ ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ അന്വേഷിച്ചതാണ്. അന്ന് ആരും എന്നെ കേട്ടില്ല. പകരംനഷ്ടപരിഹാരം ചോദിച്ചുകൊണ്ട് നോട്ടീസ് അയച്ചു,” ദീപക് കബീര്‍ പറഞ്ഞു.

”നിങ്ങള്‍ക്ക് ഞങ്ങളുടെ വിലാസം അറിയില്ലേ, ഞങ്ങളുടെ കയ്യില്‍ നോട്ടീസ് ഉണ്ട്. പിന്നെ എന്തിനാണിത്? ഭയപ്പെടുത്താനോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് ഈ സര്‍ക്കാറിനെ നല്ല സര്‍ക്കാറെന്ന് വിളിക്കാന്‍ കഴിയുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധത്തില്‍ ഒരാളുടെ സ്വത്ത് കണ്ടെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അലഹബാദ് കോടതി ഫെബ്രുവരിയില്‍ സ്‌റ്റേ ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഇയാളുടെ സ്വത്ത് കണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. അത്തരം നോട്ടീസുകളുടെ സാധുത സുപ്രീംകോടതി പരിശോധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇയാള്‍ക്ക് ഇടക്കാല സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുറ്റാരോപിധരുടെ ഫോട്ടോയും പേരു വിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആദിത്യനാഥ് നേരത്തെത്തന്നെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ഞങ്ങള്‍ വളരെ കര്‍ക്കശരായിരിക്കും. ഞാന്‍ എല്ലാ സംഭവങ്ങളും നേരില്‍ പരിശോധിക്കും അക്രമത്തില്‍ പങ്കെടുത്തവരുടെ സ്വത്ത്വവകകള്‍ കണ്ടുകെട്ടിയിരിക്കും” എന്നാണ് ആദിത്യനാഥ് പറഞ്ഞിരുന്നത്.

ആള്‍ക്കൂട്ടം പൊലീസിനെതിരെ വെടിയുതിര്‍ത്തെന്ന് യു.പി പൊലീസ് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കോടതിക്ക് മുന്നില്‍ തെളിവുകള്‍ ഹാജരാക്കാനോ വെടിവെച്ചെന്ന ആരോപണം തെളിയിക്കാന്‍ ആയുധങ്ങള്‍ ഹാജരാക്കാനോ പൊലീസിന് കഴിഞ്ഞിരുന്നതുമില്ല.