പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള 230ലധികം ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
India
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള 230ലധികം ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 7:43 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പൗരത്വ ഭേദഗതിയുടെ ചട്ടം വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

മുസലിം ലീഗ്, ഡി.വൈ.എഫ്.ഐ, കേരള സർക്കാർ, രമേശ് ചെന്നിത്തല എന്നിവരടക്കം ആകെ 236 ഹരജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2020ലാണ് ഹരജിക്കാരിൽ കൂടുതല്‍ പേരും സുപ്രീം കോടതിയെ സമീപിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെ രൂപീകരിക്കാത്തതിനാല്‍ നിയമം ഉടനെ നടപ്പാക്കില്ലെന്നാണ് 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതിന് വിഭിന്നമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

പൗരത്വത്തിന് അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സർക്കാരുകളും കോടതിയെ സമീപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിലും പശ്ചിമ ബംഗാളിലും ഉള്‍പ്പടെ പൗരത്വ ഭേദഗതി വലിയ രാഷ്ട്രീയ വിഷയമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്ന് കരുതപ്പെടുന്നതും അസമില്‍ ആണ്. ആറ് ലക്ഷം പേര്‍ അസമില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടത്.

Content Highlight: CAA: Supreme Court to hear over 230 pleas seeking stay on Citizenship Amendment Rules today