ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് മുസ്‌ലീം ലീഗ്.
നിയമം പ്രാബല്യത്തില്‍ വരാത്തതുകൊണ്ടാണ് സ്റ്റേ ഇല്ലാത്തതെന്നും സ്റ്റേ ഹരജിയില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മുസ്‌ലീം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സ്‌റ്റേ ഇല്ലെന്നും നിയമവുമായി മുന്നോട്ടുപോകാമെന്നും അല്ല സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അങ്ങനെയല്ല അതിനെ വ്യാഖ്യാനിക്കേണ്ടത്. സ്റ്റേ ഹരജിയില്‍ നോട്ടീസ് ഉണ്ട്. നിയമം പ്രാബല്യത്തില്‍ വരാത്തതിനാലാണ് സ്റ്റേ ചെയ്യാതിരുന്നത്.
ഞങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് കൊടുത്തിരിക്കുകയാണ്. ഏത് കേസിലും അത് തന്നെയാണ് സുപ്രീം കോടതി നടപടി ക്രമം. നോട്ടീസ് കൊടുത്തുകഴിഞ്ഞാല്‍ സുപ്രീം കോടതി കേസിലേക്ക് കടന്നുകഴിഞ്ഞു.
ഹരജിക്കാരായ ഞങ്ങളൊക്കെ പ്രതീക്ഷിച്ചതുപോലെയാണ് ആദ്യഘട്ടം സംഭവിച്ചത്. ഇതില്‍ വേണമെങ്കില്‍ നോട്ടീസ് പോലും കൊടുത്താതെ രണ്ട് മിനിട്ടിനുള്ളില്‍ തള്ളിക്കളയാമായിരുന്നു. ഇതില്‍ നോട്ടീസ് കൊടുക്കണമെന്ന് തോന്നിയത് വലിയ വിജയമാണ്.
എന്തുകൊണ്ട് ഇത്തരമൊരു നിയമം എന്നതിന് കേന്ദ്രം മറുപടി പറഞ്ഞേ പറ്റു. നിശ്ചിത സമയത്തിനകം അവര്‍ മറുപടി പറയുകയും ആ മറുപടി തൃപ്തികരമാണോ എന്നത് കോടതി പരിശോധിക്കുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിച്ച കാര്യം തന്നെയാണ് സംഭവിച്ചത്.
കോടതി നടപടിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. രാജ്യത്തെ നടക്കുന്ന പ്രതികരണങ്ങളേയും പ്രക്ഷോഭങ്ങളേയും ഗൗരവമായി കാണുന്നു എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സുപ്രീം കോടതി സാധാരണ ഘട്ടത്തില്‍ വാദമൊക്കെ കേട്ടുകഴിഞ്ഞതിന് ശേഷമാണ് നോട്ടീസ് അയക്കുകയെന്നും എന്നാല്‍ ഹരജി ലഭിച്ച ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ നിന്നും വിശദീകരണം ആരായാന്‍ സുപ്രീം കോടതി തീരുമാനിച്ചത് സ്വാഗതം ചെയ്യേണ്ട നടപടിയാണെന്നും മുസ് ലീം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.
ഇന്ന് ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നില്ല. ഹരജികളിലുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ 60 ഹരജികളിലും കേന്ദ്രസര്‍ക്കാരിന്റെ മറുപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരജിയില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ല. കേന്ദ്രത്തിന്റെ വിശദമായ പ്രതികരണം കിട്ടേണ്ടതുണ്ട്. അതിന് ശേഷം ഇത് കേള്‍ക്കാം- എന്നാണ് ബോബ്‌ഡെ പറഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്.
അറുപതോളം ഹരജികളാണ് സുപ്രീംകോടതിയില്‍ പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹരജി നല്‍കിയിട്ടുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.