ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പൗരത്വ ഭേദഗതി (സി.എ.എ) നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും നിയമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മാര്‍ച്ചിലായിരുക്കും പെരുമാറ്റചട്ടം രാജ്യത്ത് നിലവില്‍ വരുന്നത്.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെട്ട മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് സി.എ.എ നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിന് നിയമങ്ങള്‍ രൂപീകരിക്കപ്പെടും.
സി.എ.എ നിയമങ്ങള്‍ 2019 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്. പിന്നീട് ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.
സി.എ.എ നിയമം മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ അടിവരയിട്ട് പറയുന്ന മതേതര തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മതക്കാരെ സംരക്ഷിക്കുയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മാനുഷിക നടപടിയാണിതെന്നാണ് കേന്ദ്രം നിയമത്തെ ന്യായീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് രാജ്യത്ത് സി.എ.എ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സി.എ.എ നിയമം നടപ്പാക്കുമെന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പിന്നീടവര്‍ അതില്‍ നിന്നും പിന്മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Contant Highlight: CAA rules likely to be notified before Lok Sabha poll announcement