പൗരത്വ പ്രക്ഷോഭകരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കണം; യു.പി സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി
national news
പൗരത്വ പ്രക്ഷോഭകരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കണം; യു.പി സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 9:33 am

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കളും പിഴകളും തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി.

നേരത്തെ സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് നല്‍കിയ റിക്കവറി നോട്ടീസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രക്ഷോഭകരില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.

പൗരത്വസമരക്കാര്‍ക്കെതിരെ നല്‍കിയ 274 റിക്കവറി നോട്ടീസുകള്‍ പിന്‍വലിച്ചതായി വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ തിരികെ നല്‍കേണ്ടി വരുമെന്നും അതിനാല്‍ ഉത്തരവ് പാസാക്കരുതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള ശരിയായ നടപടിക്രമം പിന്തുടരാന്‍ ട്രിബ്യൂണലിനെ സമീപിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി 11ന് നടന്ന വാദത്തില്‍ 2019 ഡിസംബറില്‍ പൗരത്വപ്രക്ഷോഭകര്‍ക്ക് നല്‍കിയ റിക്കവറി നോട്ടീസ് പിന്‍വലിക്കാന്‍ അവസാന അവസരം നല്‍കുകയാണെന്നും ഇല്ലെങ്കില്‍ നടപടി റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും കോടതി പറഞ്ഞിരുന്നു.

2019 ഡിസംബര്‍ 21 നായിരുന്നു പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. പൊതുസ്വത്തുക്കള്‍ നശിപ്പിച്ചതിന് ആക്രമികള്‍ പണം നല്‍കേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അക്രമികളെ വീഡിയോ ഫൂട്ടേജുകളിലൂടെ തിരിച്ചറിഞ്ഞെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.


Content Highlight: caa-protests-supreme-court-orders-up-govt-to-refund-recovery