| Saturday, 11th January 2020, 8:45 am

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി എം.ജി സര്‍വകലാശാല യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പൗരത്വഭേദഗതി നിയമത്തിനെതിരെ എം.ജി സര്‍വകലാശാല യൂണിയന്‍ പ്രമേയം പാസാക്കി. നിയമം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വ തത്വങ്ങളുടെ ലംഘനമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് മതരാഷ്ട്ര സമീപനമാണെന്നും പ്രമേയത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരാണെന്നും തീരുമാനം പുനഃപരിശോധിച്ച് നിയമം റദ്ദാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണമെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ കൗണ്‍സില്‍ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം ജനുവരി 10 വെള്ളിയാഴ്ച മുതല്‍ പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുണ്ട്. ‘പൗരത്വ ഭേദഗതി നിയമത്തിലെ ഒന്നാമത്തെ സെക്ഷനിലെ രണ്ടാം സബ് സെക്ഷന്‍ പ്രകാരം, പൗരത്വ ഭേദഗതി നിയമത്തിലെ എല്ലാ വ്യവസ്ഥകളും 2020 ജനുവരി 10 മുതല്‍ നടപ്പിലാക്കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്.’

ഡിസംബര്‍ 11ന് പാര്‍ലമെന്റിലെ ഇരു സഭകളിലും പാസ്സായ പൗരത്വ ഭേദഗതി നിയമപ്രകാരം ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതപീഡനം മൂലം 2014 ന് മുന്‍പ് ഇന്ത്യയില്‍ അഭയം നേടിയ ഹിന്ദു, സിഖ്, പാര്‍സി, ജൈന്‍, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ്.

പൗരത്വ ഭേദഗതിക്ക് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടി നടപ്പിലാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more