തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി കേരളത്തില്‍ ബി.ജെ.പി ഇതരകക്ഷികള്‍ നടത്തിയ പ്രതിഷേധത്തിന് മികച്ച പ്രതികരണം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്ക് പുറമെ സാമൂഹ്യ-സിനിമാ-സാംസ്‌കാരിക മേഖലയിലെ ഉന്നതരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയ മതനേതാക്കളും നടി കെ.പി.എ.സി ലളിതയും പ്രതിഷേധത്തില്‍ പങ്കെടുത്തു.
‘എല്ലാ മതവിശ്വാസികള്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും താമസിക്കാനുള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇങ്ങനെയൊരു നിയമം പാസാക്കിയത്. പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ എന്ന രാജ്യം രൂപീകരിക്കുന്നത്. ഇന്ത്യാ എന്ന രാജ്യസങ്കല്‍പ്പം ജനങ്ങള്‍ സൃഷ്ടിച്ചതാണ്’, മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയെ തകര്‍ക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കാനാകില്ല. മതാധിഷ്ഠിത രാഷ്ട്രമാകാന്‍ പാടില്ലെന്ന കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യമെങ്ങും പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്.