| Tuesday, 28th January 2020, 10:37 am

പൗരത്വ ഭേദഗതിക്കെതിരെ സമരം നടക്കുന്നത് കേരളത്തില്‍ മാത്രം; മറ്റു സ്ഥലങ്ങളില്‍ ചില മുദ്രാവാക്യം വിളികള്‍ മാത്രം: വി.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന പ്രസ്താവനയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍. പൗരത്വ ഭേദഗതിക്കെതിരെ സമരം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും മറ്റു സ്ഥലങ്ങളില്‍ ചില മുദ്രാവാക്യം വിളികള്‍ നടക്കുന്നേയുള്ളുവെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ പറഞ്ഞു.

‘ഇപ്പോള്‍ സമരം നടക്കുന്നത് എവിടെയാണ്? കേരളത്തില്‍ മാത്രം. ബാക്കിയുള്ള സ്ഥലങ്ങളില്‍ കുറച്ചാളുകള്‍ മുദ്രാവാക്യം വിളിക്കുന്നു എന്നേയുള്ളു. ദല്‍ഹിയില്‍ ജാമിഅ മില്ലിയ സര്‍വകലാശാലക്കടുത്തു മാത്രമാണ് ആളുകള്‍ പ്രതിഷേധവുമായി ഇരിക്കുന്നത്. ദല്‍ഹിയില്‍ വേറെ എവിടെയുമില്ല.’ മുരളീധരന്‍ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൗരത്വ ഭേദഗതിക്കെതിരെ നിരന്തര സമരങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രസ്താവന. റിപ്പബ്ലിക് ദിനത്തില്‍ ഷഹീന്‍ ബാഗില്‍ ലക്ഷക്കണക്കിന് പ്രതിഷേധക്കാരാണ് എത്തിച്ചേര്‍ന്നത്. ഷഹീന്‍ ബാഗ് മാതൃകയാക്കി മുംബൈയടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധപ്പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍വകലാശാലകളിലും വിവിധ സംഘടനകളുടെയും ഭാഗമായും സമരങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യക്ക് പുറത്തുനിന്നും പൗരത്വ ഭേദഗതിക്കെതിരെ സമരങ്ങള്‍ നടന്നുവരികയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടക്കത്തില്‍ തന്നെ പൗരത്വനിയമത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സംഘടന രംഗത്ത് വന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ മാത്രം അമേരിക്കയില്‍ നിരവധി പേരാണ് പൗരത്വ ഭേദഗതിക്കെതിരെ സമരത്തില്‍ അണിനിരന്നത്.

പൗരത്വ ഭേദഗതിക്കെതിരെ കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞു. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളുള്‍പ്പെടെ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുകയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരുകളില്‍ നിന്നും ജനങ്ങളില്‍ നിന്നും തുടര്‍ച്ചയായി സമരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1985-ല്‍ രാജീവ് ഗാന്ധി പൗരത്വപ്പട്ടികയെക്കുറിച്ച് പറഞ്ഞപ്പോഴും സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നടപടികള്‍ ആരംഭിച്ചപ്പോള്‍ സമരം ചെയ്യാതിരുന്നവര്‍ ഇപ്പോള്‍ സമരം നടത്തുന്നത് മുസ്‌ലിം വോട്ടുബാങ്ക് മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും മുരളീധരന്‍ ആരോപിച്ചു. അരക്ഷിതാവസ്ഥ സ്വയം മനസ്സില്‍ കരുതുന്ന മുസ്‌ലിം വിഭാഗത്തിനിടയില്‍ ഭീതിയുണ്ടാക്കുക എന്നത് എളുപ്പമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡിറ്റന്‍ഷന്‍ സെന്റര്‍ എന്ന വാക്കാണ് ആശങ്ക സൃഷ്ടിക്കുന്നതെന്നും എന്താണ് ഡിറ്റന്‍ഷന്‍ സെന്റര്‍ എന്ന് വിശദീകരിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസാണ് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ ഉണ്ടാക്കിയതെന്നും അവരാണ് മറുപടി പറയേണ്ടതെന്നും പറഞ്ഞ മുരളീധരന്‍ അസമിലെ ഗ്വാല്‍പാഡയില്‍ കേന്ദ്ര സര്‍ക്കാര്‍ പണിയുന്ന ഡിറ്റന്‍ഷന്‍ സെന്റര്‍ സുപ്രീം കോടതി വിധിക്കനുസരിച്ച് മാത്രമാണെന്നും അദ്ദേഹം വാദിച്ചു.

DoolNews Video

We use cookies to give you the best possible experience. Learn more