ജാമിഅയിലെ പൊലീസ് ഭീകരത; വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു
CAA Protest
ജാമിഅയിലെ പൊലീസ് ഭീകരത; വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2019, 3:15 pm

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച തന്നെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റിവെക്കണമെന്ന് വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വി.സി ആവശ്യം അംഗീകരിച്ചില്ല. ഇതോടെയാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെയും പൊളിറ്റിക്കല്‍ സയന്‍സിലേയും വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചത്. പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ചോദ്യം ചെയ്തുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടത്തിയത്. പൊലീസ് സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിഅ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധിച്ചത്.

ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്‌സിറ്റിയിലേയും അലിഗഡ് യൂണിവേഴ്‌സിറ്റിയിലേക്കും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: