ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും വിദ്യാര്‍ത്ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിതിനെ ദല്‍ഹിയിലെ മണ്ടി ഹൗസില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നെ ചെങ്കോട്ടയിലേക്ക് പോകാന്‍ അനുവദിച്ചില്ല. അതുകൊണ്ടാണ് മണ്ടി ഹൗസിലേക്ക് എത്തിയത്. ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം പടര്‍ന്നുപിടിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനത്തുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിച്ച സി.പി.ഐ.എം നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി. രാജയും ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. റെഡ് ഫോര്‍ട്ടിന് സമീപം പ്രതിഷേധിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
സാമൂഹ്യ കലാരംഗത്തെ പല പ്രമുഖരും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ജമ്മു കശ്മീര്‍ ആക്കാന്‍ നോക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കശ്മീരികളോട് അവര്‍ കാണിച്ചുകൂട്ടിയതിനൊന്നും കണക്കില്ലെന്നും പ്രതിഷേധത്തിനെത്തിയ അരുന്ധതി റോയ് പറഞ്ഞു.