| Saturday, 7th March 2020, 5:23 pm

ലോകത്തുള്ള മുഴുവന്‍ ഹിന്ദുക്കള്‍ക്കും നിങ്ങള്‍ പൗരത്വം കൊടുത്തോളൂ, ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, പക്ഷേ, സി.എ.എയും എന്‍.ആര്‍.സിയും ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും: അക്ബറുദ്ദിന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വപട്ടികയും മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് ഉ അക്ബറുദ്ദിന്‍ ഉവൈസി. സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും നാണയമൂല്യം ഇല്ലാതാക്കുകയും ചരക്ക്-സേവന നികതുതിയെ ബാധിക്കുകയും ചെയ്യുമെന്ന് അക്ബറുദ്ദിന്‍ ഉവൈസി പറഞ്ഞു.
 
” ഈ രാജ്യം ഒരാളുടെയും ആശയങ്ങള്‍ക്ക് പിന്നാലെ പോകില്ല. ഞാന്‍ ഭരണഘടന സംരക്ഷിക്കാനാണ് ഇവിടെ നില്‍ക്കുന്നത്. പ്രകോപനപരമായ പ്രസംഗങ്ങള്‍കൊണ്ടും കലാപംകൊണ്ടും രാജ്യത്ത് വേര്‍തിരിച്ച് കൊണ്ടിരിക്കുകയാണ്, ദല്‍ഹിയില്‍ ഒരുപാട് നിഷ്‌ക്കളങ്കര്‍ക്ക് ജീവന്‍ നഷ്ടമായി” അദ്ദേഹം പറഞ്ഞു.
 
രാജ്യത്തെ എല്ലാമതേതര ശക്തികളും ഒരുമിച്ച് നിന്ന് ഈ ആശയത്തെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
”ഞങ്ങള്‍ പാകിസ്താനില്‍ നിന്ന് വന്ന കുടിയേറ്റക്കാരെ എതിര്‍ക്കുകയല്ല. ലോകത്തുള്ള മുഴുവന്‍ ഹിന്ദുക്കള്‍ക്കും നിങ്ങള്‍ പൗരത്വം കൊടുത്തോളൂ, ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, സി.എ.എ എന്‍.ആര്‍.സി എന്‍.പി.ആര്‍ എന്നിവ ഗുരുതരമായ പ്രശ്‌നമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്” അദ്ദേഹം പറഞ്ഞു.
നേരത്തെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദില്‍ ഉവൈസിയും സി.ഐ.എയും എന്‍.ആര്‍.സിയേയും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കിയാല്‍ എട്ട്‌കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്താകുമെന്നും കേരളം എന്‍.പി.ആര്‍ നിര്‍ത്തിവെച്ചതു പോലെ ആന്ധ്രപ്രദേശിലും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഉവൈസി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കുമെതിരാണ് സി.എ.എയും എന്‍.ആര്‍.സി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more