| Tuesday, 12th March 2024, 8:08 am

സി.എ.എ വിജ്ഞാപനം; അസമിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: വിവാദ പൗരത്വ ഭേഗദതി നിയമം രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അസമില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുണൈറ്റഡ് ഒപ്പോസിഷന്‍ ഫോറം. അസമിലെ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സംഘടനയാണിത്.

ഹര്‍ത്താലിനോടൊപ്പം മറ്റ് പ്രതിഷേധ പരിപാടികളും നടത്തുമെന്ന് സംഘടന അറിയിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ഗുവാഹത്തി പൊലീസ് സംഘടനക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയോ, പ്രതിഷേധത്തില്‍ ഏതെങ്കിലും പൗരന്മാര്‍ക്ക് പരിക്കേൽക്കുകയോ ചെയ്താല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സി.എ.എ നിയമം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ അസമില്‍ തദ്ദേശീയ സംഘടനകളുടെ നേതൃത്വത്തില്‍ ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചിരുന്നു. ഇതിന് പുറമേ ഗുവാഹത്തി, കാംരൂപ്, ബാര്‍പേട്ട, ലഖിംപൂര്‍, നാല്‍ബാരി, ദിബ്രുഗഡ്, ഗോലാഘട്ട്, തേസ്പൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികളും നടന്നു.

2019 ഡിസംബറില്‍ അസമില്‍ നിയമ നിര്‍മ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് നടപടിയില്‍ അന്ന് അഞ്ച് പേര്‍ മരിച്ചിരുന്നു.

സി.എ.എ നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയടക്കം മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മൂന്ന് ജില്ലകളിലും പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.

വിജ്ഞാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. കൂടാതെ സി.എ.എ ചട്ടങ്ങള്‍ പ്രഖ്യാപിച്ചതോടെ ജമ്മുകശ്മീരില്‍ സ്ഥിരതാമസമാക്കിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളുമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

നിലവിലെ കണക്കുകള്‍ പ്രകാരം റോഹിങ്ക്യന്‍ മുസ്ലിങ്ങളും ബംഗ്ലാദേശി പൗരന്മാരും ഉള്‍പ്പെടെ 13,700ലധികം വിദേശികള്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 2008നും 2016നും ഇടയില്‍ അവരുടെ ജനസംഖ്യ 6,000ത്തിലധികം ആയി വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight: CAA Amendment; statewide hartal ​in Assam

We use cookies to give you the best possible experience. Learn more