| Monday, 8th July 2024, 12:02 pm

നിലയ്ക്കാത്ത പോരാട്ടങ്ങളും പരിശ്രമങ്ങളും ഇടതുപക്ഷം തുടരേണ്ടതുണ്ട്; നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കേണ്ടത് സ്വയം വിമര്‍ശനത്തിലൂടെ: എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജനങ്ങള്‍ക്ക് ബോധ്യമാകും വിധം സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെയും വാക്കിലും പ്രവര്‍ത്തിയിലും അനുഭവേദ്യമാകുന്ന തിരുത്തലുകളിലൂടെയും മാത്രമേ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട ബഹുജനസ്വാധീനം വീണ്ടെടുക്കാനാവൂ എന്ന് സി.പി.ഐ.എം പി.ബി അംഗം എം.എ ബേബി. പച്ചക്കുതിരയിലെഴുതിയ ലേഖനത്തിലായിരുന്നു എം.എ ബേബി നിലപാട് വ്യക്തമാക്കിയത്.

ഈ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വത്തിനുമെതിരെ ബോധപൂര്‍വം അപവാദ പ്രചരണങ്ങള്‍ നടത്തുവാന്‍ വലതുപക്ഷശക്തികളും നിക്ഷിപ്തതാത്പര്യങ്ങളും സ്വാഭാവികമായും ശ്രമിക്കുമെന്നും ഇപ്പോള്‍ സംഭവിച്ച, ഒരു പരിധിവരെ അനര്‍ഹമായ തിരിച്ചടികളില്‍ ഇത്തരം മര്യാദാരഹിതമായ അപവാദപ്രചരണങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും എം.എ ബേബി പറഞ്ഞു.

അതിനെ തിരിച്ചറിയാനും തുറന്നുകാട്ടാനും നിസ്സംശയമായും കഴിയണമെന്നും അതിന്റെ അര്‍ത്ഥം കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും യഥാര്‍ ത്ഥത്തില്‍ സംഭവിക്കുന്ന വീഴ്ചകളും തെറ്റുകളും നിര്‍വ്യാജം തിരുത്തുന്നതില്‍ ഒട്ടും സങ്കോചമോ വിസമ്മതമോ ഉണ്ടാകാന്‍ പാടില്ല എന്നുകൂടിയാണെന്നും എം.എ ബേബി പറഞ്ഞു.

‘ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലൂടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് തിരുത്തുവാനുള്ള കര്‍ത്തവ്യത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. അങ്ങനെ ഒഴിഞ്ഞുമാറിയാല്‍ അത് അത്യന്തം വിനാശകരമാകും.

ഒരു വിഭാഗം മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കെട്ടിച്ചമച്ച അപവാദപ്രചാരണങ്ങളെ അവഗണിക്കാതെ മറുപടി പറയുകയും തുറന്നുകാട്ടുകയും വേണം. മാത്രമല്ല, ഇടതുപക്ഷം യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞു തിരുത്തേണ്ട ദൗര്‍ബല്യങ്ങളും തെറ്റുകളും സൂക്ഷ്മമായി ക ണ്ടെത്തി തിരുത്തിയില്ലെങ്കില്‍ ആഹ്ലാദിക്കുക പ്രതിലോമശക്തികളും അവരുടെ കൂട്ടാളികളായ ഒരു വിഭാഗം അധമമാധ്യമങ്ങളുമാണ്.

കാരണം തെറ്റുതിരുത്താത്ത കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമാണ് പ്രതിലോമശക്തികള്‍ക്കും കച്ചവടമാധ്യമങ്ങള്‍ക്കും സൗകര്യപ്രദം. അടിമുടിബാധകമായ ധീരമായ സ്വയംവിമര്‍ശനവും അതുവഴി തെറ്റുതിരുത്തി ശക്തിപ്പെടുന്ന കറകളഞ്ഞ ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ പ്രതീക്ഷ പകരും.

സംഘപരിവാറിന്റെ ‘സാംസ്‌കാരിക ദേശീയതാവിധ്വംസക പദ്ധതി’യെ പുരോഗമനപരമായ ജനകീയ സാംസ്‌കാരിക രാഷ്ട്രീയ പ്ര വര്‍ത്തനത്തിലൂടെ നേരിടുക എന്ന കര്‍മ്മപദ്ധതിയും ഗൗരവപൂര്‍വം ഏറ്റെടുക്കേണ്ടതാണ്,’ എം.എ ബേബി പറഞ്ഞു.

മതത്തെ ദുര്‍വ്യാഖ്യാനിച്ച്, ആരാധനാലയങ്ങളെ ആശ്രയിച്ച് വര്‍ഗ്ഗീയ വിഭജനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നതും ഭരണഘടനാമൂല്യങ്ങള്‍ക്ക് വലിയ ഭീഷണിയാകുന്നെന്നും മതാത്മകതയ്ക്ക് ജന മനസ്സുകളില്‍ വലിയ സ്വാധീനമുള്ള ഇന്ത്യയില്‍ വിശേഷിച്ച് ഈ മേഖലയില്‍ സൂക്ഷ്മമായ ഇടപെടലുകള്‍ക്ക് ഇടതുപക്ഷം ശ്രദ്ധിക്കേണ്ടതുണ്ടെന്നും എം.എ ബേബി പറഞ്ഞു.

സ്വത്വരാഷ്ട്രീയത്തിന്റെ ആപത്കരമായ വിഭജനതന്ത്രങ്ങളെയും കാര്യക്ഷമമായി നേരിടേണ്ടതുണ്ട്. സാമ്പത്തികസമത്വത്തിനായുള്ള സമരങ്ങളെ സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമായി കൂട്ടിയിണക്കുക സര്‍വ പ്രധാനമാണ്. ഈ കടമകള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് എത്രമാത്രം ആത്മാര്‍ത്ഥമായും ജനകീയമായും നിര്‍വഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുപക്ഷത്തിന്റെയും ഇന്ത്യന്‍
ജനാധിപത്യത്തിന്റെയും ഭാവി.

ഇടതുപക്ഷവും സി.പി.ഐ. എമ്മും എല്ലാവിഭാഗം ജനങ്ങളുമായും കൂടുതല്‍ ദൃഢമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ശ്ര ദ്ധിക്കണം. ജനങ്ങളില്‍ നിന്ന് പഠിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്ന സമീപനം അനുഭവവേദ്യമാക്കിയാലെ ഇന്നത്തെ അവസ്ഥ തിരുത്താനാവുക യുള്ളു.

ജനങ്ങളോട് സംസാരിക്കുന്നതുപോലെ പ്രധാനമാണ് അവര്‍ക്കു പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും ചെയ്യുക എന്നത്. അവര്‍ പറയുന്നതിലെ ശരിയായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തുക എന്നതും വളരെ പ്രധാനമാണ്, പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ എം.എ ബേബി പറഞ്ഞു.

Content Highlight: M.A Baby talk about the election defeat of c.p.i.m in loksabha election

We use cookies to give you the best possible experience. Learn more