| Friday, 24th March 2023, 4:03 pm

'ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ മന്ത്രിസഭയിലുള്ളപ്പോഴാണ് പ്രസംഗങ്ങളുടെ പേരില്‍ നേതാക്കള്‍ അയോഗ്യരാക്കപ്പെടുന്നത്': മമത ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബി.ജെ.പിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് മമത രംഗത്തെത്തിയത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ ക്യാബിനറ്റില്‍ അംഗങ്ങളായിരിക്കുമ്പോഴാണ് പ്രസംഗങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കപ്പെടുന്നതെന്നാണ് മമത പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയില്‍ ബി.ജെ.പി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ ക്യാബനറ്റില്‍ അംഗങ്ങളായിരിക്കുമ്പോഴാണ് പ്രസംഗങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാക്കള്‍ ആക്രമിക്കപ്പെടുന്നത്. ഭരണഘടനാ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന മറ്റൊരു അധ്യായത്തിനാണ് ഇന്ന് നമ്മള്‍ സാക്ഷ്യം വഹിച്ചത്,’ മമത ട്വിറ്ററില്‍ കുറിച്ചു.

അപകീര്‍ത്തി കേസില്‍ പ്രതിയാണെന്ന കോടതി വിധിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവ് വന്നത്. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്.സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.

Content Highlights: ‘When people with criminal backgrounds are in the cabinet, leaders are disqualified for speeches’: Mamata Banerjee

We use cookies to give you the best possible experience. Learn more