| Saturday, 13th July 2019, 7:47 am

നെടുങ്കണ്ടം കസ്റ്റഡി മരണം; ആദ്യ പോസ്റ്റുമോര്‍ട്ടം പരാജയം; മൃതദേഹം വീണ്ടും പുറത്തെടുക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനം. സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ ആണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച് ആര്‍.ഡി.ഒയ്ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ ആണ് പ്രതികളായുള്ളത്.

അതേസമയം നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ അധികൃതരുടെ വാദം തെറ്റെന്ന് സ്ഥിരീകരിക്കുന്ന മൊഴി പുറത്ത്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരിച്ച ശേഷമാണെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

മരണം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് രാജ് കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും പൊലീസിന് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് രാജ്കുമാര്‍ മരിച്ചതെന്നതായിരുന്നു ജയില്‍ അധികൃതരുടെ വാദം.

സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരാണ് മൂന്നാം മുറ പ്രയോഗിച്ചതെന്നാണ് മൊഴി. അറസ്റ്റിലായ എസ്.ഐ കെ.എ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയിരിക്കുന്നത്.

രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.

ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി പറഞ്ഞിരുന്നു.

‘വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്.ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പൊലീസുകാരികള്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ചൊഴിച്ചു’- ശാലിനി വെളിപ്പെടുത്തിയിരുന്നു.

DoolNews Video
ചിത്രം കടപ്പാട് മനോരമ ന്യൂസ്
We use cookies to give you the best possible experience. Learn more