| Saturday, 26th November 2022, 5:30 pm

വാഷ്‌ബേസിനിലെ ഉറുമ്പിനെ പോലും എടുത്തുമാറ്റുന്ന സഹജീവി സ്‌നേഹം; മോഹന്‍ലാലിന്റെ ആവാസവ്യൂഹം വീഡിയോ ശ്രദ്ധ നേടുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ വരച്ച മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്ന ചിത്രകാരന്‍ സുരേഷ് ബാബുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. മോഹന്‍ലാലിനേയും കുടുംബത്തേയും ഉള്‍പ്പെടുത്തിയുള്ള പുതിയ ചിത്രം പരിചയപ്പെടുത്തിയാണ് വീഡിയോ തുടങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം തന്നെയാണ് ചിത്രം വരച്ചുനല്‍കിയതെന്നും ഇതിന് മുമ്പും അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്റെ സഹജീവി സ്‌നേഹത്തെ പറ്റിയും സുരേഷ് ബാബു വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വാഷ്‌ബേസിനില്‍ ഒരു ഉറുമ്പ് വീണാല്‍ പോലും മോഹന്‍ലാല്‍ അതെടുത്ത് കളയുമെന്നും കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന ലാലേട്ടനെ ശിക്കാറില്‍ കണ്ടിട്ടുണ്ടെന്നും സുരേഷ് ബാബു വീഡിയോയില്‍ പറയുന്നു. അദ്ദേഹത്തിന്റെ സഹജീവി സ്‌നേഹം എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ വരച്ച മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഒന്നിച്ചാക്കി ഒരു ബുക്ക് പബ്ലിഷ് ചെയ്യാനായി ഒരുങ്ങുകയാണെന്നും അതിന് വേണ്ടി നാല് ചിത്രങ്ങള്‍ കൂടി വരക്കണമെന്നും സുരേഷ് പറഞ്ഞു. ജനത മോഷന്‍ പിക്‌ചേഴ്‌സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

എലോണ്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് അഭിനയിക്കുന്നത് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. എലോണ്‍ പ്രേക്ഷകര്‍ കാണേണ്ട സിനിമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരനാണ് പ്രേക്ഷകന് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്.

എമ്പുരാന്റെ ഷൂട്ടിങ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം 2024 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അവകാശവാദങ്ങളൊന്നുമില്ലെന്നും ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ് ചിത്രമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്യും.

Content Highlight: artist’s Suresh Babu’s video introducing Mohanlal’s films is gaining attention on social media

We use cookies to give you the best possible experience. Learn more