| Saturday, 21st October 2023, 7:17 pm

ഫലസ്തീനിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണം; പരിക്കേല്‍പ്പിച്ചത് മതത്തെയല്ല, മാനവികതയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘ഇവിടെയാണ് ഞങ്ങള്‍ മാമോദീസ മുങ്ങിയത്. ഞങ്ങള്‍ക്കിവിടെത്തന്നെ മരിക്കണം’

കണ്ണില്ലാതെ ചോരക്കലി തീര്‍ക്കുന്ന കലാപ ഭൂമിയില്‍ കുടുംബത്തോടൊപ്പം ഒളിച്ചിരിക്കാന്‍ ഒരിടം കണ്ടെത്തിയതായിരുന്നു ജഹ്‌സാന്‍.
ഗര്‍ഭിണിയായ ഭാര്യക്കും അഞ്ചും ആറും പ്രായമുള്ള മക്കള്‍ക്കുമൊപ്പം സുരക്ഷിമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരാതന പള്ളിയായ സെന്റ് പോര്‍ഫിറിയസില്‍ അഭയം പ്രാപിക്കുന്നത്. പോര്‍ഫിറിയസ് ചര്‍ച്ചില്‍ അഭയം തേടിയവരില്‍ കൂടുതലും ക്രിസ്ത്യാനികളായിരുന്നു.

നേരത്തെ ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ അഭയം നല്‍കിയ പള്ളിയാണ്. ഇസ്രഈല്‍ ആക്രമണത്തില്‍ വലഞ്ഞ് ഗസ മുനമ്പില്‍ അവസാന അഭയമെന്ന നിലക്ക് മതം നോക്കാതെ സാധാരണക്കാര്‍ അഭയം പ്രാപിച്ച ഇടം കൂടിയാണ് സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്.

എന്നാല്‍ എല്ലാ പ്രതീക്ഷകളെയും ചാരമാക്കിക്കൊണ്ടായിരുന്നു ഇസ്രഈല്‍ ബോംബറുകള്‍ ആ ഇടവും കല്‍ക്കൂമ്പാരമാക്കിക്കളഞ്ഞത്. ഒട്ടനവധി നിരപരാധികള്‍ ജീവനറ്റ് പിടഞ്ഞുവീണു.

‘200ഓളം കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും പള്ളിയിലുണ്ടായിരുന്നു. രണ്ട് തവണയാണ് ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ ചര്‍ച്ച് ലക്ഷ്യമിട്ടത്. ചര്‍ച്ചില്‍ സുരക്ഷിതരായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ഇസ്രഈല്‍ ക്രൂരന്മാര്‍ ഇവിടെയും ചാരമാക്കി. അവര്‍ ദേവാലയങ്ങളും മുസ്ലിം പള്ളികളും ആശുപത്രികളും ടാര്‍ഗറ്റ് ചെയ്തു. ഇവിടെയിപ്പോള്‍ സുരക്ഷിതമായ ഇടങ്ങളില്ല,’ യുദ്ധത്തില്‍ രക്ഷപ്പെട്ട അല്‍ സൂരിയുടെ വാക്കുകളാണിത്.

1600 വര്‍ഷം പഴക്കമുള്ള, ജാതിമതഭേദമന്യേ ആളുകള്‍ സന്ദര്‍ശിക്കാറുള്ള പള്ളിയാണ് ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. പള്ളിയുടെ പരിസരത്ത് അഭയം പ്രാപിച്ചവരില്‍ യുദ്ധത്തിന്റെ ഇരകളുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ സഹായിക്കാന്‍ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാര്‍ നിലകൊള്ളുന്നുണ്ടായിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടേതാണ് സെന്റ് പോര്‍ഫിറിയസ് ദേവാലയം.

ഇസ്രഈല്‍ പള്ളിയില്‍ ബോംബിടില്ലെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെന്റ് പോര്‍ഫിറിയസിലെ വൈദികനായ ഫാദര്‍ ഏലിയാസ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചിരുന്നു. ആരാധനാലയത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഏതെങ്കിലും മതത്തിനെതിരായ ആക്രമണം അല്ലെന്നും മറിച്ച് മാനവികതയ്ക്കെതിരായ ആക്രമണം കൂടിയാണെന്നും ഫാദര്‍ ഏലിയാസ് പറയുകയുണ്ടായി.

1150 നും 1160 നും ഇടയില്‍ നിര്‍മിച്ചതാണ് ഗസയിലെ സെന്റ് പോര്‍ഫിറിയസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ഗസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്. ഗസയിലെ ഫലസ്തീനികള്‍ക്ക് എല്ലാ സംഘര്‍ഷ കാലത്ത് ഈ പുരാതന പള്ളി ആശ്വാസമേകിയിരുന്നു.

എ.ഡി 425ല്‍ നിര്‍മിച്ച ക്രൈസ്തവ ദേവാലയത്തിന്റെ സ്ഥാനത്ത് 1150ല്‍ സ്ഥാപിതമായതാണ് ബിഷപ് പോര്‍ഫിറിയസിന്റെ പേരിലുള്ള ചര്‍ച്ച്. ലോകത്ത് ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ചര്‍ച്ചാണെന്നും പറയപ്പെടുന്നു. 1500 വര്‍ഷം മുമ്പ് ഗസയിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയനായിരുന്നു പോര്‍ഫിറിയോസ്.

ചര്‍ച്ചിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി ബിഷപ്പിന്റെ കല്ലറയുണ്ട്. 1000-1500ന് ഇടയില്‍ ക്രൈസ്തവ വിശ്വാസികളുള്ള ഗസയിലെ മൂന്ന് ചര്‍ച്ചുകളിലൊന്നാണിത്. ഗസ ബാപ്റ്റിസ്റ്റ് ചര്‍ച്ച്, ഹോളി ഫാമിലി കത്തോലിക്ക ചര്‍ച്ച് എന്നിവയാണ് മറ്റ് രണ്ട് ദേവാലയങ്ങള്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്