ഹൈദരബാദ്: ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ നിര്‍ദേശം എതിര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട എതിര്‍പ്പ് അറിയിക്കുമെന്നും ഹൈദരബാദില്‍ ചേര്‍ന്ന സി.ഡബ്ല്യു.സി തീരുമാനിച്ചു.
സി.ഡബ്ല്യു.സി പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമാണ് ഹൈദരാബാദില്‍ നടന്നത്. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക, ആഭ്യന്തര, ബാഹ്യസുരക്ഷാ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് എന്നിവയുടെ തന്ത്രങ്ങളും യോഗത്തിന്റെ അജണ്ടയായിരുന്നു.
‘പുതിയ ഭരണഘടന” എന്ന ബി.ജെ.പി ആഹ്വാനത്തെ ചെറുക്കേണ്ടതുണ്ടെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താമെന്ന വാദത്തിനെതിരെ നിലകൊള്ളാനും സി.ഡബ്ല്യു.സി തീരുമാനമെടുത്തു.
14 വിഷയങ്ങള്‍ അടങ്ങുന്ന പ്രമേയം ആദ്യ ദിവസത്തെ ചര്‍ച്ചക്കൊടുവില്‍ പ്രവര്‍ത്തക സമിതി അംഗീകരിച്ചു. ഇന്ത്യ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും ഇതിനകം പേടിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. സഖ്യത്തിലേക്ക് കൂടുതല്‍ കക്ഷികള്‍ വന്നുചേരുന്നത് പ്രമേയം സ്വാഗതം ചെയ്തു.
കലാപം തുടരുന്ന മണിപ്പൂരില്‍ ഭരണഘടന സംവിധാനങ്ങള്‍ തകര്‍ന്നതില്‍ പ്രവര്‍ത്തക സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. മണിപ്പുരിലെ തീ ഹരിയാനയിലെ നൂഹ് വരെ മോദി സര്‍ക്കാര്‍ എത്തിച്ചെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
Content Highlight: C.W.C presented a resolution consisting of 14 topics