| Tuesday, 1st September 2020, 5:16 am

Movie Review: 'വര്‍ക്ക് ഫ്രം ഹോമില്‍ നിന്നുണ്ടായ കിടിലന്‍ ത്രില്ലര്‍'

അശ്വിന്‍ രാജ്

C U Soon Malayalam Movie Review : മനുഷ്യര്‍ അവരുടെ ഏറ്റവും സുരക്ഷിതമായ അവസ്ഥയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമ്പോഴാണ് അതിജീവനത്തിനായി പുതിയ സാധ്യതകളും രീതികളും ഏറ്റവൂം കൂടുതല്‍ ഉപയോഗപ്പെടുത്തുക. അത്തരത്തില്‍ കൊവിഡ് ഭീഷണിക്കാലത്ത് സിനിമയുടെ വ്യത്യസ്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഐ ഫോണില്‍ ഷൂട്ട് ചെയ്‌തെടുത്ത സിനിമയാണ് സി യു സൂണ്‍.

പൂര്‍ണമായും ഒ.ടി.ടിക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നാണ്.

സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കാണാനുള്ള അതേ ആകാംഷയോടെയാണ് സി യു സൂണും കണ്ടത്. കാരണം ഫഹദും, റോഷനും ഒപ്പം ദര്‍ശന രാജേന്ദ്രനും എത്തുന്ന ഒരു സിനിമ, അതും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ. പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതിന് അധികം കാരണങ്ങള്‍ വേറെ വേണ്ടിയിരുന്നില്ല.

സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒരു പരീക്ഷണ ചിത്രമാണെന്നും ലോക്ക്ഡൗണിലെ വര്‍ക്ക് ഫ്രം ഹോം പോലെ ചെയ്തതാണ് ഈ സിനിമയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു സാധാരണ പടമെടുക്കുന്നതിനേക്കാള്‍ ഇരട്ടി തയ്യാറെടുപ്പുകള്‍ ഈ സിനിമയ്ക്കായി എടുത്തിട്ടുണ്ടെന്നാണ് ചിത്രത്തില്‍ നിന്ന് മനസിലാകുന്നത്.

ഒരു കംപ്ലീറ്റ് സ്‌ക്രീന്‍ മൂവിയാണ് സി യു സൂണ്‍. തുടക്കം മുതല്‍ അവസാനം വരെ കംപ്യൂട്ടര്‍ സ്‌ക്രീനിലും ഫോണ്‍ സ്‌ക്രീനിലുമാണ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കാണുന്നത്. സാധാരണ രീതിയില്‍ ഐ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചില സിനിമകളും വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ പൂര്‍ണമായും ഒരു സ്‌ക്രീന്‍ മൂവി അപൂര്‍വ്വമാണ്. സെര്‍ച്ചിംഗ്, അണ്‍ഫ്രണ്ടിംഗ് പോലുള്ള ചില സിനിമകള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും പരിചിതമാണ്.

കൃത്യമായ ഹോം വര്‍ക്കുകള്‍ ഇല്ലെങ്കില്‍ പാളിപോകാവുന്ന എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമാണ് മഹേഷ് നാരായണന്‍ സിനിമയാക്കിയിരിക്കുന്നത്. ടേക്ക് ഓഫ് എന്ന അദ്ദേഹത്തിന്റെ മുന്‍ സിനിമ പോലെ തന്നെ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സി യു സൂണും ഒരുങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്. തന്റെ മനസിലുള്ള സിനിമ മികച്ച രീതിയില്‍ തന്നെ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

റോഷന്‍ അവതരിപ്പിക്കുന്ന ജിമ്മി കുര്യന്‍, ദര്‍ശനയുടെ അനുമോള്‍ സെബാസ്റ്റ്യന്‍, ഫഹദ് അവതരിപ്പിക്കുന്ന കെവിന്‍ തോമസ്, ഇവരാണ് സി യു സൂണിലെ പ്രധാന കഥാപാത്രങ്ങള്‍.

ദുബായില്‍ ഒരു ബാങ്കിലാണ് ജിമ്മി ജോലി ചെയ്യുന്നത്, സൈബര്‍ സെക്യൂരിറ്റി വിദഗ്ധനാണ് കെവിന്‍, ജിമ്മി കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണ് അനു മോള്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അനുമോളെ കാണാതാവുന്നതോടെ ചിത്രത്തിന്റെ സ്വഭാവം മാറുകയും ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്ക് ചിത്രം മാറുകയും ചെയ്യുന്നു.

സി യു സൂണിലെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത് സ്‌ക്രീന്‍ മൂവി ആയത് കൊണ്ട് തന്നെ സിനിമയുടെ ഭൂരിപക്ഷം സീനുകളിലും കഥാപാത്രങ്ങള്‍ ക്ലോസ് അപ്പ് ഷോട്ടിലാണ് ഉള്ളത് എന്നതാണ്. അതുകൊണ്ട് തന്നെ ഇമോഷണല്‍ രംഗങ്ങളൊക്കെ പ്രേക്ഷകരുമായി വളരെയെളുപ്പം കണക്റ്റ് ചെയ്യാന്‍ കഴിയുന്നതായിരുന്നു.

പലപ്പേഴും ഫഹദ് ഫാസിലിന്റെ അഭിനയത്തെക്കുറിച്ചും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കണ്ണുകളെ കുറിച്ചും പലരും എടുത്ത് പറയാറുണ്ട്. ഇത്തവണയും ഫഹദ് നിരാശപ്പെടുത്തുന്നില്ല. എന്നാല്‍ ഫഹദിനെ പോലെ തന്നെ ദര്‍ശനയും റോഷനും മികച്ച അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

സിനിമയിലെ ഒരു സീനില്‍ റോഷന്റെ കഥാപാത്രമായ ജിമ്മിയോട് കസിന്‍ പറയുന്നുണ്ട് ജിമ്മിയുടെയും അനുവിന്റെയും സ്വഭാവം തികച്ചും വ്യത്യസ്തമാണ്, അതുകൊണ്ട് നിങ്ങള്‍ പെര്‍ഫക്ട് മാച്ചാണ് എന്ന്. സിനിമ കണ്ട് കഴിയുന്ന പ്രേക്ഷകനും ഇത് തോന്നും. വളരെ ഒതുക്കി പിടിച്ച ഇമോഷന്‍സ് പുറത്തുകാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഒരിത്തിരി നിഗൂഡതയുള്ള കഥാപാത്രമായിട്ട് ദര്‍ശന മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്.

റോഷനും സമാനമായ രീതിയില്‍ കൈയ്യടി അര്‍ഹിക്കുന്ന പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്. സിനിമയില്‍ ഒരു രംഗത്ത് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കെവിനെ വിളിക്കുന്ന ജിമ്മിയുടെ ഒരു സീന്‍ ഉണ്ട്. ക്ലൈമാക്‌സ് സീനുകളെല്ലാം റോഷന് കൈയ്യടി അര്‍ഹിക്കുന്ന ഒന്നായിരുന്നു.

മാലാ പാര്‍വതി, സൈജു കുറുപ്പ്, അമാല്‍ഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ ബി.ജി.എമ്മും സിനിമയുടെ മൂഡിനെ പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.

സിനിമയുടെ അവസാനം ഇത് വെര്‍ച്ച്വല്‍ സ്‌ക്രീനിലെ കഥാപാത്രങ്ങളുടെ ജീവിതമാണെന്നും ഇവരുടെ ജീവിതം തിയേറ്ററുകളില്‍ സിനിമയായി കാണാമെന്നും സംവിധായകന്‍ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്.

പരിമിതമായ സാഹചര്യത്തില്‍ ഇതേപോലെ ഒരു സിനിമയെടുത്ത ടീം തിയേറ്ററുകള്‍ക്ക് വേണ്ടി സിനിമയെടുക്കുമ്പോഴുള്ള മാജിക്കിന് വേണ്ടി പ്രതീക്ഷകളോടെ കാത്തിരിക്കാം. ചിത്രം തീര്‍ച്ചയായും പ്രേക്ഷകനെ നിരാശപ്പെടുത്തില്ലെന്ന് മാത്രമല്ല തുടര്‍ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയാവുമെന്നും ഉറപ്പാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: C U Soon malayalam new movie review

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more