C U Soon Malayalam Movie Review മനുഷ്യര്‍ അവരുടെ ഏറ്റവും സുരക്ഷിതമായ അവസ്ഥയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമ്പോഴാണ് അതിജീവനത്തിനായി പുതിയ സാധ്യതകളും രീതികളും ഏറ്റവൂം കൂടുതല്‍ ഉപയോഗപ്പെടുത്തുക. അത്തരത്തില്‍ കൊവിഡ് ഭീഷണിക്കാലത്ത് സിനിമയുടെ വ്യത്യസ്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഐ ഫോണില്‍ ഷൂട്ട് ചെയ്‌തെടുത്ത സിനിമയാണ് സി യു സൂണ്‍.
പൂര്‍ണമായും ഒ.ടി.ടിക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നാണ്.
സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കാണാനുള്ള അതേ ആകാംഷയോടെയാണ് സി യു സൂണും കണ്ടത്. കാരണം ഫഹദും, റോഷനും ഒപ്പം ദര്‍ശന രാജേന്ദ്രനും എത്തുന്ന ഒരു സിനിമ, അതും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ. പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതിന് അധികം കാരണങ്ങള്‍ വേറെ വേണ്ടിയിരുന്നില്ല.
സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒരു പരീക്ഷണ ചിത്രമാണെന്നും ലോക്ക്ഡൗണിലെ വര്‍ക്ക് ഫ്രം ഹോം പോലെ ചെയ്തതാണ് ഈ സിനിമയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു സാധാരണ പടമെടുക്കുന്നതിനേക്കാള്‍ ഇരട്ടി തയ്യാറെടുപ്പുകള്‍ ഈ സിനിമയ്ക്കായി എടുത്തിട്ടുണ്ടെന്നാണ് ചിത്രത്തില്‍ നിന്ന് മനസിലാകുന്നത്.
ഒരു കംപ്ലീറ്റ് സ്‌ക്രീന്‍ മൂവിയാണ് സി യു സൂണ്‍. തുടക്കം മുതല്‍ അവസാനം വരെ കംപ്യൂട്ടര്‍ സ്‌ക്രീനിലും ഫോണ്‍ സ്‌ക്രീനിലുമാണ് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കാണുന്നത്. സാധാരണ രീതിയില്‍ ഐ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചില സിനിമകളും വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ പൂര്‍ണമായും ഒരു സ്‌ക്രീന്‍ മൂവി അപൂര്‍വ്വമാണ്. സെര്‍ച്ചിംഗ്, അണ്‍ഫ്രണ്ടിംഗ് പോലുള്ള ചില സിനിമകള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും പരിചിതമാണ്.
കൃത്യമായ ഹോം വര്‍ക്കുകള്‍ ഇല്ലെങ്കില്‍ പാളിപോകാവുന്ന എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമാണ് മഹേഷ് നാരായണന്‍ സിനിമയാക്കിയിരിക്കുന്നത്. ടേക്ക് ഓഫ് എന്ന അദ്ദേഹത്തിന്റെ മുന്‍ സിനിമ പോലെ തന്നെ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സി യു സൂണും ഒരുങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്. തന്റെ മനസിലുള്ള സിനിമ മികച്ച രീതിയില്‍ തന്നെ എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
റോഷന്‍ അവതരിപ്പിക്കുന്ന ജിമ്മി കുര്യന്‍, ദര്‍ശനയുടെ അനുമോള്‍ സെബാസ്റ്റ്യന്‍, ഫഹദ് അവതരിപ്പിക്കുന്ന കെവിന്‍ തോമസ്, ഇവരാണ് സി യു സൂണിലെ പ്രധാന കഥാപാത്രങ്ങള്‍.
ദുബായില്‍ ഒരു ബാങ്കിലാണ് ജിമ്മി ജോലി ചെയ്യുന്നത്, സൈബര്‍ സെക്യൂരിറ്റി വിദഗ്ധനാണ് കെവിന്‍, ജിമ്മി കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണ് അനു മോള്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ അനുമോളെ കാണാതാവുന്നതോടെ ചിത്രത്തിന്റെ സ്വഭാവം മാറുകയും ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്ക് ചിത്രം മാറുകയും ചെയ്യുന്നു.