പൊതുവേ ലഭിച്ചത് നല്ല അഭിപ്രായം, തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുര്‍വ്യാഖ്യാനവുമായി പലര്‍; പു.ക.സ ചിത്രത്തില്‍ പ്രതികരണവുമായി രാവുണ്ണി
Kerala News
പൊതുവേ ലഭിച്ചത് നല്ല അഭിപ്രായം, തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുര്‍വ്യാഖ്യാനവുമായി പലര്‍; പു.ക.സ ചിത്രത്തില്‍ പ്രതികരണവുമായി രാവുണ്ണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2020, 7:14 pm

തൃശ്ശൂര്‍: പുരോഗമ കലാസാഹിത്യ സംഘം കൊവിഡ് കാലത്ത് നിര്‍മ്മിച്ച് ഷോര്‍ട്ട് ഫിലിം ‘ഒരു തീണ്ടാപ്പാടകലെ’ അയിത്തവും തീണ്ടലും പ്രസക്തമാണെന്ന് പ്രഖ്യാപിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നതില്‍ പ്രതികരണവുമായി പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത രാവുണ്ണി. ചിത്രം നല്ല അഭിപ്രായമാണ് പൊതുവില്‍ കിട്ടിയത്. എന്നാല്‍ തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുര്‍വ്യാഖ്യാനവുമായി പലരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പു.ക.സ .യെ ആക്ഷേപിക്കാന്‍ ഈ ഹ്രസ്വചിത്രത്തെ കരുവാക്കുന്നു എന്ന് കാണുന്നതില്‍ വലിയ ദുഃഖം തോന്നുന്നുവെന്നും രാവുണ്ണി പ്രതികരിച്ചു.

പ്രതികരണം പൂര്‍ണ്ണമായി വായിക്കാം

കൊറോണക്കാലത്ത് മനുഷ്യര്‍ തമ്മില്‍ ശാരീരിക അകലം പാലിക്കണം, മാസ്‌ക്ക് ധരിക്കണം എന്ന, സാമൂഹ്യ നന്മയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള, ആശയം പ്രചരിപ്പിക്കുന്നതിനാണ് ‘ഒരു തീണ്ടാപ്പാടകലെ ‘ എന്ന ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍ നാടക പ്രവര്‍ത്തകനായ എം.ആര്‍.ബാലചന്ദ്രന്‍ മുന്നോട്ടു വന്നത്. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ബാലചന്ദ്രന്‍ ഹ്രസ്വ ചിത്രത്തിന്റെ ആശയം പങ്കുവെച്ചപ്പോള്‍ അതൊരു നല്ല കാര്യമാണല്ലൊ എന്നാണ് എനിക്കു തോന്നിയത്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഞാന്‍ അഭിനയിക്കുകയും ചെയ്തു. ടൈറ്റിലില്‍ ചിത്രത്തിന്റെ നിര്‍മ്മാണം എന്നിടത്ത് തൃശൂര്‍ നാടക സൗഹൃദത്തോടൊപ്പം പുരോഗമന കലാസാഹിത്യത്തിന്റെ പേരു കൂടി വെച്ചാല്‍ ഇത് കാണാനും പ്രചരിപ്പിക്കാനും കൂടുതല്‍ ആളുണ്ടാവുമല്ലൊ എന്നും ബാലചന്ദ്രന്‍ കരുതി. സര്‍ക്കാര്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിക്കുന്ന സാമൂഹ്യ അകലം,മാസ്‌ക്ക് ധരിക്കല്‍ എന്നിവക്കുള്ള പ്രചരണം കൂടിയാവുമല്ലൊ എന്ന നല്ല വിചാരത്തിലാണ് അങ്ങനെയാവട്ടെ എന്ന് ഞാനും കരുതിയത്.ടെലിവിഷന്‍ ചാനലുകളിലും ഫേസ് ബുക്കിലും യു ട്യൂബിലുമൊക്കെയായി ആയിരക്കണക്കിനാളുകള്‍ ഈ ഹ്രസ്വചിത്രം ഇതിനകം കണ്ടു കഴിഞ്ഞു. നല്ല അഭിപ്രായമാണ് പൊതുവില്‍ കിട്ടിയത്.
എന്നാല്‍ തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുര്‍വ്യാഖ്യാനവുമായി പലരും ഇന്ന് സോഷ്യല്‍ മീഡിയയില്‍ പു.ക.സ .യെ ആക്ഷേപിക്കാന്‍ ഈ ഹ്രസ്വചിത്രത്തെ കരുവാക്കുന്നു എന്ന് കാണുന്നതില്‍ വലിയ ദുഃഖം തോന്നുന്നു. തീണ്ടലിനെ ഒരു നിലക്കും പൊറുപ്പിക്കരുത് എന്ന ഉറച്ച നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. മനുഷ്യനും മനുഷ്യനും തമ്മില്‍ ജാതി, മതം, ദേശം, ആചാരം എന്നിവയുടെ പേരില്‍ അയിത്തം കല്‍പ്പിക്കുന്നതിനെ ഉടലില്‍ ജീവനുള്ള കാലം വരെ അംഗീകരിക്കുന്ന പ്രശ്‌നമില്ല. ഹ്രസ്വചിത്രത്തില്‍ത്തന്നെ വ്യക്തമായി പറയുന്നുണ്ട്,അയിത്തം കൊറോണയോടാണ് എന്ന്. ചിത്രം കാണാത്തവരിലേക്ക് തെറ്റിദ്ധാരണ പുലര്‍ത്താനും ദുര്‍വ്യാഖ്യാനം നടത്താനും സിനിമയുടെ പേരും കാരണമായിഎന്നതില്‍ വളരെ ഖേദമുണ്ട്. ദുര്‍വ്യാഖ്യാനത്തിന് ഇടയാക്കിയ, പ്രചരണത്തിനു കരുവായിത്തീര്‍ന്ന ഈ ഹ്രസ്വചിത്രം, തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നില്ല എന്ന വിവരം അറിയിച്ചു കൊള്ളട്ടെ. യു. ട്യൂബില്‍ നിന്നും മററു സോഷ്യല്‍ മീഡിയകളില്‍ നിന്നും പിന്‍വലിച്ചു കഴിഞ്ഞു.
-രാവുണ്ണി