യുക്തിവാദികള്‍ക്കിടയിലും ഇസ്‌ലാമിക് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസന്‍സ് ഗ്ലോബല്‍-സ്വതന്ത്രലോകം ചിന്തകന്‍ സി. രവിചന്ദ്രന്‍. ഇത്തരം സെല്ലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കകത്തും ഉണ്ടാകുമെന്നും യുക്തിവാദികള്‍ക്കിടയില്‍ നിന്ന് അവരെ ഫാസിസ്റ്റ് ഐഡിയോളജിക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഇത്തരം സെല്ലുകള്‍ മാറ്റുന്നുണ്ടെന്നും രവിചന്ദ്രന്‍ പറയുന്നതായുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 31ന് പെരുമ്പാവൂരില്‍ വെച്ച് നടന്ന ഓണ്‍വിങ്‌സ് 22 (OwnWings 22) എന്ന പരിപാടിയില്‍ രവിചന്ദ്രന്‍ സംസാരിക്കുന്നതിന്റെ വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
”റിക്രൂട്ട്‌മെന്റ് വഴിയാണ് ഇസ്‌ലാമിസം സൊസൈറ്റിയില്‍ വര്‍ക്ക് ചെയ്യുന്നത്. അവര്‍ പ്രീച്ചേഴ്‌സാണ്. പാര്‍ട്ടിയിലുണ്ടാകും, അതില്‍ സംശയമൊന്നുമില്ല.
ബി.ജെ.പിയുടെ മൈനോരിറ്റി മോര്‍ച്ച വരെയായിക്കഴിഞ്ഞു. സി.പി.ഐ.എമ്മില്‍ പിന്നെ പറയേണ്ട കാര്യമില്ല. പാലാണോ വെള്ളമാണോ കൂടുതല്‍ എന്ന അവസ്ഥയിലായിട്ടുണ്ട്.
നാളെ ഒരു കഴുത്തുവെട്ടോ കൈവെട്ടോ ഒക്കെ വരികയാണെങ്കില്‍ അതിന്റെ പ്രതിയെ കോണ്‍ഗ്രസില്‍ നിന്ന് തപ്പിയെടുക്കാം, ബി.ജെ.പിയില്‍ നിന്ന് തപ്പിയെടുക്കാം സി.പി.ഐ.എമ്മില്‍ നിന്ന് തപ്പിയെടുക്കാം. എവിടെനിന്ന് വേണമെങ്കിലും തപ്പിയെടുക്കാം.
യുക്തിവാദികളുടെ ഇടയില്‍ നിന്നുവരെ തപ്പിയെടുക്കാം. അത് സാധ്യമാണ്. അത്തരമൊരു സാഹചര്യം വികസിച്ചുവരുന്നുണ്ട്,” രവിചന്ദ്രന്‍ വീഡിയോയില്‍ പറയുന്നു.
”തമാശയല്ല. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില സ്ലീപ്പര്‍ സെല്ലുകള്‍ എല്ലാവര്‍ക്കുമിടയിലുണ്ട്. അത് ഇസ്‌ലാം മാത്രം ചെയ്യുന്നതല്ല, പാര്‍ട്ടികളും ചെയ്യാറുണ്ട്. ഒരു ഫാസിസ്റ്റ് ഐഡിയോളജി എപ്പോഴും വര്‍ക്ക് ചെയ്യുന്നത് ചാരപ്രവര്‍ത്തിയിലൂടെയായിരിക്കും.
യുക്തിവാദികള്‍ക്ക് ഏറ്റവും ക്രൂരവും അപകടകരവുമാകാന്‍ പറ്റും. അതുപക്ഷേ ആളുകള്‍ ശ്രദ്ധിച്ചുകൊള്ളണമെന്നില്ല.
ആണിരോഗം പോലെയാണ്. ആണിരോഗം വന്നാല്‍ ഇടയ്ക്ക് മാറിയാലും പിന്നെയും നടക്കുമ്പോള്‍ ഒരു പ്രശ്‌നമുണ്ടാകും. അങ്ങനെ ആണിരോഗമുള്ള പലരുമുണ്ട്.
ഇവര് നമ്മളുടെ പിറകെയായിരിക്കും. ഓരോ ഗ്രൂപ്പിലേക്കും ഇവരെ അഴിച്ചുവിട്ടിട്ടുണ്ടാകും. Setting cats among the pigeons എന്നാണ് അതിന് ഇംഗ്ലീഷില്‍ പറയുക. ഓരോ പ്രാവുകളുടെ കൂട്ടത്തിലേക്കും കുറേ പൂച്ചകളെ കടത്തിവിടുക. പ്രാവുകളെ അസ്വസ്ഥമാക്കുക.
ഇത് പാര്‍ട്ടിക്കകത്തുമുണ്ടാകാം, ആ പാര്‍ട്ടിയെ അവര് നിയന്ത്രിക്കും. അതുപോലെ യുക്തിവാദികളെയും ഇവരുടെ ഇടയില്‍ നിന്ന് ഫാസിസ്റ്റ് ഐഡിയോളജിക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാണ്,” രവിചന്ദ്രന്‍ പറഞ്ഞു.
Content Highlight: C Ravichandran says there is Islamic sleeper cells even among atheists