ഫ്രാന്‍സിലും ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചിട്ടുണ്ട്; മണിപ്പൂരിലേത് മതപരമായ പ്രശ്‌നമല്ല: സി. രവിചന്ദ്രന്‍
Kerala News
ഫ്രാന്‍സിലും ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചിട്ടുണ്ട്; മണിപ്പൂരിലേത് മതപരമായ പ്രശ്‌നമല്ല: സി. രവിചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st July 2023, 5:22 pm

കോഴിക്കോട്: മണിപ്പൂരിലെ കലാപം മതപരമായ പ്രശ്‌നം അല്ലെന്നും വംശീയപരമാണെന്നും എസന്‍സ് ഗ്ലോബല്‍-സ്വതന്ത്രലോകം ചിന്തകന്‍ സി. രവിചന്ദ്രന്‍. മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ വേട്ടയാടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഫ്രാന്‍സിലെ കലാപത്തിലും ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചിട്ടുണ്ടെന്നാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷം മതപരമായ രീതിയിലാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രവിചന്ദ്രന്റെ ഈ പ്രതികരണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ മാസം പത്തിന് ഫേസ്ബുക്ക് ലൈവിലൂടെ സംസാരിക്കവെയായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മണിപ്പൂരില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഫ്രാന്‍സില്‍ 17കാരനെ വെടിവെച്ചുകൊന്നതിന്റെ പശ്ചാത്തലത്തിലുണ്ടായ കലാപത്തിലും പള്ളികള്‍ കത്തിച്ചിരുന്നു. അവിടെ ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാല്‍, വേണമെങ്കില്‍ ഉണ്ടെന്ന് പറയാം.

പള്ളികള്‍ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങളാണ്. അതുകൊണ്ട് വേട്ടയാടപ്പെടുന്നുവെന്ന് പറയാം. ആ അര്‍ത്ഥത്തില്‍ മണിപ്പൂരിലും വേണമെങ്കില്‍ പറയാം. എന്നാല്‍ മണിപ്പൂരിലെ പ്രശ്‌നം മതപരമല്ല, വംശീയമാണെന്ന് ഞാന്‍ വീണ്ടും വീണ്ടും പറയുന്നു.

കുകികളില്‍ കൂടുതല്‍ ക്രിസ്ത്യാനികളാണ്. മെയ്തികള്‍ ഹിന്ദു ഭൂരിപക്ഷമാണ്. അതില്‍ തന്നെ പുരാതന മതക്കാരും മുസ്‌ലിങ്ങളും ഉണ്ട്. ആരാധനാലയങ്ങളും വസ്തുവകകളും തച്ച് തകര്‍ക്കുമ്പോള്‍, ഭൂരിഭാഗവും ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആയിരിക്കും. അത് സ്വാഭാവികമാണ്.

അടിസ്ഥാനപരമായി അത് മത പ്രശ്‌നം അല്ല. അങ്ങനെ ആണെങ്കില്‍ മത നേതാക്കള്‍ പരസ്പരം സംസാരിച്ചാല്‍ തീരണം. വേണമെങ്കില്‍ അങ്ങനെയൊരു ഛായ കൊടുക്കാം. അങ്ങനെയൊരു നരേറ്റീവിന് വാര്‍ത്താപ്രാധാന്യം കിട്ടുന്നത് കൊണ്ട് അത് അങ്ങനെ ചര്‍ച്ച ചെയ്യുന്നുവെന്ന് മാത്രം. അതിന്റെ ഇടക്ക് ചിലപ്പോള്‍ വര്‍ഗീയപരമായി കാര്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അടിസ്ഥാനപരമായ കാരണം മതപരമല്ല,’ രവിചന്ദ്രന്‍ പറഞ്ഞു.


ഭൂമി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മെയ്തി വിഭാഗക്കാര്‍ക്കുള്ളതെന്നും സംവരണവുമായി മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മെയ്തി വിഭാഗക്കാര്‍ക്കാണ് മണിപ്പൂരില്‍ ഭൂരിപക്ഷമുള്ളത്. നിയമസഭയില്‍ അവര്‍ക്കാണ് ആധിപത്യം. അവരുടെ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് അവിടെ ഭരിക്കുന്നത്. 10 ശതമാനം വരുന്ന താഴ്‌വര പ്രദേശത്താണ് മെയ്തി വിഭാഗക്കാര്‍ പാര്‍ക്കുന്നത്.

കുകി വിഭാഗത്തില്‍പ്പെട്ടയാളുകള്‍ താമസിക്കുന്ന മലനിരകളില്‍ ഇവര്‍ക്ക് സ്ഥലം മേടിക്കാനോ മറ്റ് ക്രയ വിക്രയത്തിനോ സാധിക്കുന്നില്ല. ലാന്‍ഡ് ഇംബാലന്‍സാണ് അവിടുത്തെ പ്രധാന പ്രശ്‌നം. മലനിര പ്രദേശങ്ങളിലേക്ക് ആക്‌സെസ് ലഭിക്കണം എന്നാണ് അവരുടെ ആവശ്യം. അതിനാണ് അവര്‍ എസ്.ടി സ്റ്റാറ്റസ് വാങ്ങിയരിക്കുന്നത്.

അല്ലാതെ അതിന് സംവരണവുമായി എന്തെങ്കിലും ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. അതിര്‍ത്തി ജില്ലകളിലാണ് പ്രധാനമായും സംഘര്‍ഷം നടക്കുന്നത്. ഉക്രൈന്‍- റഷ്യ മോഡലിലാണ് അവടെ യുദ്ധം നടക്കുന്നത്. പൊലീസുകാരൊക്കെ നിസ്സഹായരാണ്. നാഗ- കകി സംഘര്‍ഷം തന്നെ വര്‍ഷങ്ങളോളം നീണ്ടുനിന്ന സംഭവമാണ്. അതുകൊണ്ട് തന്നെ വംശീയമാണ് മണിപ്പൂരിലെ പ്രശ്‌നം,’ സി. രവിചന്ദ്രന്‍ പറഞ്ഞു.

Content Highlight: C. Ravichandran Says It is not a religious problem in Manipur