|

'ഇസ്‌ലാമിനെയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഭയക്കണം, ബി.ജെ.പിയെ അത്ര ഭയക്കേണ്ട'; സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രന്റെ വീഡിയോ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ട് സംഗതികള്‍ എന്തൊക്കെയാണെന്ന സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രന്റെ ഒരു അഭിമുഖത്തിലെ ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഏറ്റവും ഭയക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും, ഇസ്‌ലാമിനെയുമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിക്കൊണ്ടിരിക്കുന്ന അഭിമുഖത്തില്‍ സി. രവിചന്ദ്രന്‍ സ്ഥാപിക്കുന്നത്.

അഭിമുഖത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ട് സംഗതികള്‍ എന്തൊക്കെയാണെന്ന രവിചന്ദ്രന്റെ ചോദ്യത്തിന് ‘എനിക്ക് അങ്ങനെ ഇവരെയൊന്നും ഭയമില്ല, പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയക്കണം’ എന്ന് മറുവശത്തുള്ള വ്യക്തി ഉത്തരം പറയുമ്പോള്‍ രവിചന്ദ്രന്‍ ഇടക്ക് കയറി ‘ഇസ്‌ലാമിനേയും ഭയക്കണം’ എന്ന് പറയുന്നതും വീഡിയോയില്‍ കാണണം.

രവിചന്ദ്രന്റെ മറുപടിക്ക് ‘ബി.ജെ.പിയേയും ഭയക്കണം’ എന്ന് മറുവശത്തുള്ളയാള്‍ അഭിപ്രായമുന്നയിച്ചപ്പോള്‍ ‘ഓകെ, ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ’ എന്നാണ് രവിചന്ദ്രന്‍ ചോദിക്കുന്നത്. ഇത് കേട്ട മറുവശത്തിരിക്കുന്നയാള്‍ ‘അത്രയും ഭയക്കണ്ട’ എന്ന നിലപാടിലേക്ക് എത്തുന്നതായും വീഡിയോയില്‍ കാണാം.

നിരവധി ആളുകളാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഇനിയും നിങ്ങള്‍ സംഘിയായ രവിചന്ദ്രനെ ന്യായീകരിക്കുകയാണോ’, എന്നാണ് രവിചന്ദ്രന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സിനിമാ താരം ലാലി പി.എം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

ലാലി പി.എം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

ഇനിയും നിങ്ങള്‍ ന്യായീകരിക്കുകയാണോ സംഘിയായ രവിചന്ദ്രനെ? കേരളത്തില്‍ നിങ്ങള്‍ ഭയക്കുന്ന രണ്ട് സംഗതികളെ കുറിച്ച് ചോദിക്കുമ്പോള്‍ അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു പറഞ്ഞ് രണ്ടാമത്തേതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ രവി അയാളെ ഉത്തരത്തിലേക്ക് നയിക്കുകയാണ് ഇസ്‌ലാം മതം എന്ന്.

ഉത്തരം പറയുന്ന ആള്‍ ബി.ജെ.പിയും എന്നു പറയുമ്പോള്‍ രവിചന്ദ്രന്റെ മുഖം നിങ്ങള്‍ ശ്രദ്ധിക്കണം ബി.ജെ.പിയെ ഭയക്കേണ്ടതുണ്ടോ? എന്ന മറുചോദ്യമാണ് രവി ഉന്നയിക്കുന്നത്. ആലോചിക്കുക.

അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബി.ജെ.പിയുടെയും ഒപ്പം നിര്‍ത്തിയിരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിനെ പോലുമല്ല ഇസ്‌ലാം മതത്തെ. ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ എന്തിനാണ് ഭയക്കുന്നത്? ഇവിടുത്തെ നിയമവിധേയമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരല്ലെ?
കൊടിയ വിഷമാണ് ഇയാള്‍.

Content Highlight: C Ravichandran’s Controversial Video Trending on Social media