| Thursday, 22nd December 2016, 1:33 pm

ആവിഷ്‌കാര സ്വാതന്ത്ര്യം അപകടകരമാകരുത്; മഹാരാജാസ് പ്രിന്‍സിപ്പലിനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മഹാരാജാസിലേത് ക്യാംപസിന് ചേരുന്ന ഭാഷയായിരുന്നില്ല. അതുകൊണ്ടാണ് പരാതി നല്‍കിയത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.


ന്യൂദല്‍ഹി: എറണാകുളം മഹാരാജാസ് കോളേജിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയ പ്രിന്‍സിപ്പലിന്റെ നടപടിയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.

ആവിഷ്‌കാര സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാല്‍, അത് അപകടകരമായ ആശയപ്രചാരണത്തിന് ആകരുതെന്ന് മന്ത്രി പറഞ്ഞു. എഴുതുന്ന ഭാഷയും ഉദ്ദേശശുദ്ധിയും സന്ദേശവും നല്ലതാകണം. മഹാരാജാസിലേത് ക്യാംപസിന് ചേരുന്ന ഭാഷയായിരുന്നില്ല. അതുകൊണ്ടാണ് പരാതി നല്‍കിയത്, മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയതായും അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഏതെങ്കിലും തരത്തിലുള്ള നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ക്യാംപസില്‍ കടന്ന പൊലീസിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം മഹാരാജാസ് കോളേജിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി പ്രിന്‍സിപ്പല്‍ കെ.എല്‍ ബീന അറിയിച്ചിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയില്‍ മുന്നോട്ടുപോകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജിന്റെ ചുമരുകളില്‍ അശ്ലീല പദപ്രയോഗം നടത്തിയതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്ന കാര്യങ്ങള്‍ എഴുതിവെച്ചതിനുമാണ് പരാതി നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ആറ് വിദ്യാര്‍ഥികളെ 20-ാം തീയതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റിമാന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സാത്താന്‍ സേവക്കാരാണെന്നും, ഈ വിദ്യാര്‍ഥികള്‍ ക്യാംപസിന്റെ ചുവരുകളില്‍ കഞ്ചാവ് ഉപയോഗവുമായും സാത്താന്‍ സേവയുമായും ബന്ധപ്പെട്ട ചിത്രങ്ങളും വികൃതരചനകളും നടത്തിയിരുന്നുവെന്നും മഹാരാജാസ് കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വൈശാഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more