| Friday, 27th October 2017, 8:16 pm

സംഘപരിവാറുമായി എനിക്ക് ഒരു ബന്ധവുമില്ല; അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമെന്നും രവീന്ദ്രനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മില്‍ വരുന്നതിന് മുമ്പ് താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്ന അനില്‍ അക്കര എം.എല്‍ എയുടെ ആരോപണത്തിന് മറുപടിയുമായി വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.

ജീവിതത്തില്‍ താന്‍ ഒരിക്കലും എ.ബി.വി.പിയുമായി ബന്ധമുണ്ടാക്കിയിട്ടില്ലെന്നും തന്നെക്കുറിച്ചുള്ള ആരോപണം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനില്‍ അക്കര എം.എല്‍.എ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിന് മറുപടിയായി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നുവെന്നും പത്രക്കുറിപ്പില്‍പറയുന്നു.

സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖയില്‍ അംഗമായിരുന്നുന്നു രവീന്ദ്രനാഥ് എന്നും
ഇ.എം.എസ് പഠിച്ച തൃശൂര്‍ സെന്റ്തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ രവീന്ദ്രനാഥ് എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.


Also read കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖയില്‍ അംഗം; വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥി; വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെതിരെ അനില്‍ അക്കര എം.എല്‍.എ

രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പ് സംഘപരിവാര്‍ അജണ്ടകള്‍ കേരളത്തിലെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അനില്‍ അക്കരയുടെ വിമര്‍ശനം.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തത് വലിയ വിവാദമായതിന് പിന്നാലെയായിരുന്നു ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ അയച്ചത്.

എന്നാല്‍ അത്തരമൊരു സര്‍ക്കുലര്‍ സര്‍ക്കാര്‍ അറിവോടെയല്ല സ്‌കൂളുകളില്‍ എത്തിയതെന്നും ജന്മദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more