Kerala News
കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച് സി. രാധാകൃഷ്ണന്‍; രാജി ഫെസ്റ്റിവല്‍ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിര്‍വഹിക്കുന്നതില്‍ പ്രതിഷേധിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 01, 09:17 am
Monday, 1st April 2024, 2:47 pm

ന്യൂദല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയിലെ വിശിഷ്ടാംഗത്വം രാജിവെച്ച് സി. രാധാകൃഷ്ണന്‍. തീരുമാനം സാഹിത്യവുവുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്ര മന്ത്രി അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്രയും കാലത്തെ രാഷ്ട്രീയ സമ്മർദങ്ങളെ മറികടന്ന് സ്വയംഭരണവാകാശം നിലനിര്‍ത്തി വന്നിരുന്ന സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അക്കാദമി സെക്രട്ടറിക്ക് അയച്ച രാജിക്കത്തില്‍ സി. രാധാകൃഷ്ണന്‍ വ്യക്തമാക്കി.

‘അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന രീതിയിലുള്ള രാഷ്ട്രീയവത്കരണത്തെ ശക്തമായി എതിര്‍ക്കുന്നു. തീരുമാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായത് കൊണ്ടല്ല, അക്കാദമിയോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ്. അക്കാദമിയുടെ ഭരണഘടന പോലും തിരുത്തിയെഴുതാനാണ് പലരുടെയും ശ്രമം,’ അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

2023ല്‍ സമാനമായ ഉദ്ഘാടനച്ചടങ്ങിന് കേന്ദ്ര സഹമന്ത്രി പങ്കെടുത്തതിനെതിരെ കടുത്ത വിമര്‍ശനം ആക്കാദമിക്കെതിരെ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും രാജിക്കത്തില്‍ സി. രാധാകൃഷ്ണന്‍ സൂചിപ്പിക്കുന്നുണ്ട്.

അക്കാദമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സി. രാധാകൃഷ്ണന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

എം.ടി. വാസുദേവന്‍ നായര്‍ക്ക് ശേഷം അക്കാദമിയുടെ ആദരം ലഭിക്കുന്ന മലയാളിയായ സാഹിത്യകാരനാണ് സി. രാധാകൃഷ്ണന്‍. 2022ലാണ് സി. രാധാകൃഷ്ണന് അക്കാദമി വിശിഷ്ടാംഗത്വം നല്‍കുന്നത്.

Content Highlight: C. Radhakrishnan resigned as an honorary member on Kendra Sahitya Akademi