| Friday, 24th December 2021, 11:27 pm

സഹ്യന്റെ മകന്റെ വേര്‍പാട്

സി.ആര്‍. നീലകണ്ഠന്‍

പി.ടി. തോമസ് കുറച്ചുകാലമായി രോഗബാധിതനായിരുന്നു എന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഈ വേര്‍പാട് പ്രതീക്ഷിച്ചിരുന്നില്ല. കേരളരാഷ്ട്രീയത്തില്‍ പി.ടി. തോമസിന്റെ സ്ഥാനം എന്താണ്? ചരിത്രം അദ്ദേഹത്തെ എങ്ങനെയാകും വിലയിരുത്തുക?

പ്രത്യേകിച്ചും കഴിഞ്ഞ നാലഞ്ചു വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാമാറ്റം എന്ന യാഥാര്‍ഥ്യം നമ്മെ വേട്ടയാടുന്നു. കൊടുങ്കാറ്റായും പേമാരിയായും പ്രളയമായും ഉരുള്‍പൊട്ടലായും മനുഷ്യജീവനും സമ്പത്തിനും ഉണ്ടാക്കുന്ന വന്‍ നാശങ്ങളായും തിമര്‍ത്താടുന്നു.

ഓരോ ദുരന്തകാലത്തും നമ്മള്‍ വീണ്ടും വീണ്ടും ഓര്‍ക്കുന്ന ഒരു പേരാണ് മാധവ് ഗാഡ്ഗില്‍ എന്നത്. അത് നമ്മുടെ ആചാരം മാത്രം. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ ഒരു പ്രശ്‌നം വരുമ്പോള്‍ അതിന് ഒരു ഒറ്റമൂലി പരിഹാരം തേടുന്നു.

ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ട കാലത്ത് (അങ്ങനെയല്ല, ഗാഡ്ഗിലിനെ കൂട്ടത്തോടെ തെറിവിളിച്ച് അധിക്ഷേപിച്ച കാലത്ത്) ഇത്രയൊന്നും നമുക്ക് ബോധ്യമായിരുന്നില്ലല്ലോ. ഇപ്പോഴും കാര്യമായ ബോധ്യം വന്നിട്ടൊന്നുമല്ല, ഒരു രക്ഷകന്റെ പേര് വേണം എന്നതിനാല്‍ പറയുന്നു എന്ന് മാത്രം.

                                                                   മാധവ് ഗാഡ്ഗില്‍

എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, അത് ആദ്യമായി വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ അതിനുവേണ്ടി ശക്തമായി വാദിച്ച ഒരേയൊരു രാഷ്ട്രീയനേതാവേ കേരളത്തില്‍ ഉള്ളൂ, അഥവാ ഉണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഏറെ സ്‌നേഹത്തോടെ പി.ടി. എന്ന് വിളിക്കുന്ന പി.ടി.തോമസ്.

പരിസ്ഥിതി പ്രവര്‍ത്തകരൊക്കെ ഉണ്ടാകും. എന്നാല്‍ രാഷ്ട്രീയ മണ്ഡലത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട ശബ്ദമായിരുന്നു പി.ടി. തോമസ്. കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ആരിവിടെ ഭരിക്കുന്നു എന്നതാകില്ല മറിച്ച് കാലാവസ്ഥാമാറ്റങ്ങളെ നേരിടാന്‍ നമ്മള്‍ എത്ര മാത്രം സജ്ജരാണ് എന്നത് അനുസരിച്ചായിരിക്കും.

ഇപ്പോള്‍ മലനാടും ഇടനാടും തീരപ്രദേശവും മനുഷ്യവാസത്തിന് ഭീഷണി നേരിടുന്ന ഇടങ്ങളായിരിക്കുന്നു. ഒരു പെരുമഴക്ക് എവിടെയും വെള്ളപ്പൊക്കമോ ഉരുള്‍പൊട്ടലോ കടലാക്രമണമോ ഉണ്ടാകാം. അവയെ നേരിടാന്‍ ഏറ്റവും അനിവാര്യമായുള്ളത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ്.

ഇതാണ് ഗാഡ്ഗില്‍ നല്‍കിയ സൂചന. ഇതാണ് പി.ടി. ആവര്‍ത്തിച്ച് പറഞ്ഞതും. അതും ഈ റിപ്പോര്‍ട്ടിനെതിരെ അതിശക്തമായ വര്‍ഗീയവിഷം ചീറ്റിയ ഇടുക്കി ജില്ല ഉള്‍ക്കൊളളുന്ന മണ്ഡലത്തിലെ എം.പി ആയിരുന്നുകൊണ്ടാണ് പി.ടി. ഈ പട നയിച്ചത്.

മറ്റു പല കാര്യങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും സ്വന്തം കക്ഷിക്കാര്‍ പോലും കൂടെ ഉണ്ടായിരുന്നില്ല. അവസാനശ്വാസം വരെ ആ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ പി.ടിക്ക് കഴിഞ്ഞത് അദ്ദേഹത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരുതരം ഗാന്ധിയന്‍ ശാഠ്യമാണ് എന്ന് കരുതേണ്ടി വരും.

‘ഞാന്‍ ചിന്തിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കാന്‍ മറ്റാരും ഇല്ലെന്നു കണ്ടാലും അവസാനം വരെ ആ നിലപാടില്‍ ഉറച്ചുനില്‍ക്കും’ എന്ന പിടിവാശി ഉള്ളയാള്‍ ആയിരുന്നല്ലോ ഗാന്ധിജി.

ഇത്തരം നിലപാടുകള്‍ ഏത് വ്യക്തിക്കും പൊതു-സ്വകാര്യ ജീവിതങ്ങളില്‍ ഏറെ കടമ്പകള്‍ സൃഷ്ടിക്കും എന്ന് പറയേണ്ടതില്ലല്ലോ. മിക്കവാറും ഒരു ഘട്ടം കഴിയുമ്പോള്‍ അത്യാവശ്യം ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ തയ്യാറാകും. എന്നാല്‍ ഒരിഞ്ച് പോലും പിറകോട്ട് പോകാന്‍ പി.ടി. തയ്യാറായില്ല .

അതിനുവേണ്ടി അദ്ദേഹത്തിന് നഷ്ടമായത് കേവലം ഒരു എം.പി സ്ഥാനം മാത്രമായിരുന്നില്ല. അദ്ദേഹത്തെ എന്നും ശക്തമായി എതിര്‍ത്തിരുന്ന സഭാനേതാക്കളുടെ നിലപാടില്‍ ആര്‍ക്കും അത്ഭുതമില്ല. ഒരു ലോകസഭാ സീറ്റ് പിടിക്കാന്‍ ഈ സഭാനേതാക്കളുടെ എല്ലാ വൃത്തികേടുകള്‍ക്കും ഓശാന പാടിയ കേരളത്തില്‍, പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ എതിര്‍പ്പും പ്രതീക്ഷിച്ചിരുന്നത് തന്നെ.

അവരോളം അവസരവാദികള്‍ ആരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു എന്നുമാത്രം. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ശവഘോഷയാത്ര മൂന്ന് വട്ടം നടത്തിയ മതമേലധ്യക്ഷന്മാര്‍ക്കൊപ്പം കൈകൊട്ടിയവരെ ഇടതുപക്ഷം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പൊരു നിയമസഭാ തെരഞ്ഞെടുപ്പ് കാലം. തൊടുപുഴ മണ്ഡലത്തില്‍ പി.ജെ. ജോസഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ്. പി.ടി. തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കവര്‍ ചെയ്യാന്‍ പോയ ഒരു പത്രപ്രവര്‍ത്തകസുഹൃത്ത് പറഞ്ഞു, ഞാന്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നു എന്ന്.

പരിസ്ഥിതി വിഷയങ്ങളില്‍ കാര്യമായ താല്‍പര്യമുള്ള അദ്ദേഹത്തിന്റെ ഈ മറുപടി എന്നെ അത്ഭുതപ്പെടുത്തി. അന്ന് ഞാന്‍ ഇടതുപക്ഷ അനുഭാവിയുമായിരുന്നല്ലോ. എന്തുകൊണ്ട് എന്ന് സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ; തൊടുപുഴയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ യഥാര്‍ത്ഥ ഇടതുപക്ഷക്കാരന്‍ പി.ടി. ആണ്. അദ്ദേഹത്തെ ആണ് ഞാന്‍ പിന്താങ്ങുന്നത്.

എന്നാല്‍ നാലഞ്ച് പതിറ്റാണ്ടുകളായി പി.ടി. ശക്തമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസും യു.ഡി.എഫും ഗാഡ്ഗില്‍ വിഷയത്തില്‍ അദ്ദേഹത്തോടൊപ്പം നിന്നില്ല. ബിഷപ്പും പള്ളിയും ഇളകിവരുന്നത് കണ്ട് അവര്‍ ഭയപ്പെട്ടു പോയി.

അവര്‍ പി.ടിക്ക് സീറ്റ് നല്‍കിയില്ല. അതുകൊണ്ട് ഫലമുണ്ടായില്ല. പള്ളിയും ഇടതുപക്ഷവും ചേര്‍ന്ന് പിന്തുണച്ച സ്ഥാനാര്‍ഥി ജയിച്ചു. അവിടെ കോണ്‍ഗ്രസിന് വലിയൊരു പിഴവാണ് സംഭവിച്ചത് എന്ന് അന്നും ഇന്നും ഞാനടക്കമുള്ള പലരും കരുതുന്നു.

പി.ടി. ആയിരുന്നു സ്ഥാനാര്‍ഥി എങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നു എന്ന് കരുതാനാണ് ന്യായം .

കോണ്‍ഗ്രസ് അവിടെ നിലപാടില്ലാത്തവര്‍ ആയിപ്പോയി. നഷ്ടം കോണ്‍ഗ്രസിന് മാത്രം. അതൊന്നും പി.ടി.യെ തരിമ്പും ഇളക്കിയില്ല. പിന്നീട് തൃക്കാക്കരയില്‍ (എന്റെ മണ്ഡലത്തില്‍) അദ്ദേഹം നില്‍ക്കുന്നു, ജയിക്കുന്നു. പലവിധ കുതന്ത്രങ്ങള്‍ പയറ്റിയിട്ടും ഈ വര്‍ഷവും ജയം ആവര്‍ത്തിക്കുന്നു.

കേവലം പ്രസംഗത്തില്‍ ആവേശത്തോടെ ആദര്‍ശങ്ങള്‍ വിളമ്പുന്ന ഒരാളായിരുന്നില്ലല്ലോ പി.ടി. വിശ്വാസത്തിലും വിവാഹത്തിലുമടക്കം ആ നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തുക്കളെക്കാള്‍ ശത്രുക്കളെ അദ്ദേഹം സമ്പാദിച്ചു എന്നും പറയാം.

തനിക്ക് ശരിയാണ് എന്ന് തോന്നുന്ന കാര്യങ്ങള്‍ ആരോടും വെട്ടിത്തുറന്നു പറയുന്നത് ഒരു നല്ല രാഷ്ട്രീയക്കാരന് യോജിച്ച സ്വഭാവം അല്ലല്ലോ. ആ രീതിയില്‍ നോക്കിയാല്‍ പി.ടി. ഒരു നല്ല രാഷ്ട്രീയക്കാരന്‍ അല്ലെന്നുതന്നെ പറയേണ്ടി വരും.

കേരളം ഏറെ ചര്‍ച്ച ചെയ്ത, സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു കേസ് ഉണ്ടായതുതന്നെ ഈ വിഷയത്തില്‍ ആദ്യം ഇടപെട്ടത് പി.ടി. തോമസ് ആയതുകൊണ്ട് മാത്രമാണ് എന്നതൊരു രഹസ്യമല്ല. മറ്റേതൊരു നേതാവായിരുന്നെങ്കിലും വമ്പന്മാരായ സിനിമാ പ്രഭുക്കളുടെ മുന്നില്‍ മുട്ടുമടക്കി വീഴുമായിരുന്നു. അതൊന്നുമല്ല പി.ടി.

ഏറ്റവുമൊടുവില്‍ തന്റെ മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന കടമ്പ്രയാറിലെ മലിനീകരണം സംബന്ധിച്ച വിഷയത്തില്‍ അദ്ദേഹത്തിനെതിരെ ശക്തമായ ആക്രമണമാണ് ഒരു വ്യവസായി നടത്തിയത്. കടമ്പ്രയാര്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇടപെടാം എന്നദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കത്ര ബോധിച്ചില്ല.

ഈ വ്യവസായി സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാനാര്‍ഥി തൃക്കാക്കരയില്‍ മത്സരിക്കുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഇത് ഉന്നയിക്കുന്നതെന്ന ആരോപണം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്, എന്നദ്ദേഹം തന്നെ വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ പി.ടിക്കെതിരായ ആക്രമണങ്ങളെല്ലാം ആസ്വദിച്ച, മലിനീകരണവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാന്‍ ശ്രമിച്ച ഇടതുപക്ഷത്തിന് അമളി പറ്റിയ കാര്യം തിരിച്ചറിഞ്ഞത് വൈകിയാണ്. ഇപ്പോള്‍ ആ വ്യവസായിയും ഇടതുപക്ഷവുമായാണ് യുദ്ധം.

ഇത്ര ശക്തനായ ഒരു രാഷ്ട്രീയനേതാവ് ഉണ്ട്, എന്ന് അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ കക്ഷിക്കാര്‍ പോലും മടിക്കുന്നുണ്ടാകാം. തീവ്ര വര്‍ഗീയ പൗരോഹിത്യ വാദികളെയും കൊലയാളികളെയും പോലും മരണാനന്തരം മഹാപുരുഷന്മാരായി വെള്ളപൂശുന്ന ഇടതുപക്ഷ സൈബര്‍ സൈന്യത്തിന് ഇവിടെ ഹാലിളകിയിരിക്കുന്നു.

അതവരുടെ കുറ്റമല്ല. ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് മാത്രം ഉണ്ടാകും, എന്ന് പലരും കരുതിയ ആദര്‍ശാത്മക നിലപാട് അവര്‍ക്കിനി ചിന്തിക്കാനേ കഴിയാത്ത വിധത്തില്‍ നഷ്ടപ്പെടുകയും അതേ ഗുണങ്ങള്‍ എതിര്‍ചേരിയില്‍ ചിലരില്‍ കാണുകയും ചെയ്യുമ്പോളുള്ള അങ്കലാപ്പാണ്. അതുകൊണ്ടാണ് മരണസമയം എന്ന നാട്ടുനടപ്പ് പോലും കണക്കിലെടുക്കാതെ അവര്‍ ആഞ്ഞടിക്കുന്നത്.

പി.ടിയെ എനിക്ക് ഉപമിക്കാന്‍ തോന്നുന്നത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘സഹ്യന്റെ മകന്‍’ എന്ന കവിതയിലെ കൊമ്പനാനയോടാണ്. ഈ കവിത പ്രത്യക്ഷത്തില്‍, ഒരു കൊമ്പനാന മദംപൊട്ടി ഉത്സവപ്പറമ്പില്‍ അക്രമം നടത്തുമ്പോള്‍ അതിനെ വെടിവെച്ച് കൊല്ലുന്നതിനെപറ്റിയാണ്. അതിലെ ആന സഹ്യന്റെ മകന്‍ ആണ്. ആ മകന്റെ അന്തിമമായ കരച്ചിലിനെപറ്റി കവി പറയുന്നു,

‘എങ്കിലുമതു ചെന്ന് മാറ്റൊലിക്കൊണ്ടൂ, പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍’ എന്ന്.

ഇത് പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുന്നത്.

ആര്‍ക്കും എളുപ്പം മെരുങ്ങാത്ത ഈ കൊമ്പന്‍, സഹ്യനെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നല്ലോ അവസാനം വരെ അലറി വിളിച്ചിരുന്നതും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: C.R. Neelakandan writes about P.T.Thomas

സി.ആര്‍. നീലകണ്ഠന്‍

സാമൂഹ്യപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more